കൽപ്പറ്റ: ഓണം പ്രമാണിച്ച് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം വയനാട് ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്തുന്നത് തടയാന്‍ എക്‌സൈസും പോലീസും പരിശോധന ശക്തമാക്കി. ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി മേഖലയില്‍ ഉണ്ടാകാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. എക്‌സൈസ്, പൊലീസ്, വനം, റവന്യൂ, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സംഘത്തിലുളളത്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാനായി ചെക്ക് പേസ്റ്റുകളിലും പരിശോധന ഊര്‍ജ്ജിതമാക്കും. സംസ്ഥാന അതിര്‍ത്തികളില്‍ കര്‍ണ്ണാടക, തമിഴ്‌നാട് ഉദ്യോഗസ്ഥരും പരിശോധന നടപടികളുമായി സഹകരിക്കും. ലഹരികടത്ത് കുറ്റകൃത്യങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പങ്കാളിത്തം കണക്കിലെടുത്ത് മുത്തങ്ങ, തോല്‍പ്പെട്ടി ചെക്ക് പോസ്റ്റുകളില്‍ പരിശോധനക്കായി വനിതാ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അതിര്‍ത്തികളിലെ കാനന വഴികളിലുടെയും ഊട് വഴികളിലുടേയും ലഹരി പദാര്‍ത്ഥങ്ങള്‍ എത്തുന്നത് കണ്ടെത്താന്‍ വനം വകുപ്പുമായി ചേര്‍ന്നുളള പരിശോധനയും എക്‌സൈസ് ആരംഭിച്ചു. ഒഴിഞ്ഞ കെട്ടിടങ്ങളും ആള്‍പാര്‍പ്പില്ലാത്ത പ്രദേശങ്ങളിലും പോലീസുമായി ചേര്‍ന്നുളള സംയുക്ത പരിശോധനയും നിരീക്ഷണവുമുണ്ടാകും. മഫ്തി വേഷത്തിലും ഉദ്യോഗസ്ഥര്‍ പരിശോധനക്കിറങ്ങും. രാത്രി കാലങ്ങളില്‍ മുഴുവന്‍ സമയ പരിശോധന ഉണ്ടാകും. എക്‌സൈസിന്റെ നേതൃത്വത്തിലുളള സ്‌പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 12 വരെ തുടരും.
വ്യാജ മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട ഉല്‍പ്പാദനം, വില്‍പ്പന, കടത്ത് എന്നിവ സംബന്ധിച്ചുള്ള പരാതികളും കൃത്യമായ വിവരങ്ങളും പൊതുജനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും അറിയിക്കുന്നതിനായി കല്‍പ്പറ്റ എക്സൈസ് ഡിവിഷന്‍ കേന്ദ്രത്തിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 04936-288215 എന്ന നമ്പറിലും, ടോള്‍ഫ്രീ നമ്പറായ 18004252848 ലും പൊതുജനത്തിന് പരാതി അറിയിക്കാം. പരാതി നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്ത് വിടില്ല. താലൂക്ക്തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാണ്.
വ്യാജ മദ്യത്തിന്റെ ഉപയോഗം, കടത്ത്, വില്‍പ്പന എന്നിവ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി യോഗം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളകട്രേറ്റില്‍ ചേര്‍ന്നു. ഓണാഘോഷത്തോടനുബന്ധിച്ചുളള അബ്കാരി കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കാന്‍ ജില്ലാ കലക്ടര്‍ എ. ഗീത എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ച് വരുന്ന ലഹരി ഉപയോഗം ആശങ്കാജനകമാണെന്ന് കളക്ടര്‍ പറഞ്ഞു. വിദ്യാലയങ്ങളും കോളനികളും കേന്ദ്രീകരിച്ച് ബോധവത്ക്കരണം ശക്തമാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. യോഗത്തില്‍ എ.ഡി.എം എന്‍.ഐ ഷാജു, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ് ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.
ജനുവരി മുതല്‍ ജൂലൈ 31 വരെയുളള ഏഴ് മാസ കാലയളവില്‍ എക്‌സൈസ് വയനാട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 2781 കേസുകള്‍. 2248 റെയ്ഡുകളും പൊലീസ്, ഫോറസ്റ്റ്, റവന്യു വകുപ്പുകളുമായി ചേര്‍ന്ന് 34 സംയുക്ത പരിശോധനകളും ഇക്കാലയളവില്‍ നടത്തി. 29,819 വാഹനങ്ങളും പരിശോധിച്ചു. കളക്‌ട്രേറ്റില്‍ നടന്ന ജനകീയ സമിതി യോഗത്തിലാണ് എക്‌സൈസ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചത്. 492 അബ്കാരി കേസുകളും 167 എന്‍.ഡി.പി.എസ് കേസുകളും 2122 കോട്പ കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. കോട്പ കേസുകളില്‍ പിഴയായി 4,24,400 രൂപയും ഈടാക്കി. അബ്കാരി കേസില്‍ 472 പ്രതികളെയും, എന്‍.ഡി .പി. എസ് കേസുകളില്‍ 185 പ്രതികളെയും അറസ്റ്റ് ചെയ്തു. തൊണ്ടി മുതലായി 1580.13 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം, 265.01 ലിറ്റര്‍ അന്യ സംസ്ഥാന മദ്യം, 3.8 ലിറ്റര്‍ കളര്‍ ചേര്‍ത്ത മദ്യം , 57.7 ലിറ്റര്‍ ബിയര്‍, 116.525 ലിറ്റര്‍ അരിഷ്ടം, 3523 ലിറ്റര്‍ വാഷ് , 46.1 ലിറ്റര്‍ ചാരായം, 196.806 കി.ഗ്രാം കഞ്ചാവ്, 3 കഞ്ചാവ് ചെടികള്‍, 130.69 ഗ്രാം മെത്താംഫീറ്റാമിന്‍, 963.369 ഗ്രാം എം. ഡി. എം. എ, 5.5 ഗ്രാം ഹാഷിഷ് ഓയില്‍, 2.1 ഗ്രാം ഹാഷിഷ്, 67.026 കി. ഗ്രാം പുകയില ഉല്‍പ്പന്നങ്ങള്‍, 2000 പാക്കറ്റ് വിദേശ നിര്‍മ്മിത സിഗററ്റ്, 2337 ഗ്രാം സ്വര്‍ണ്ണം, 24,72,501 രൂപ കുഴല്‍ പണം, 65,820 തൊണ്ടി മണി, 19 വാഹനങ്ങള്‍ എന്നിവയും പിടികൂടിയിട്ടുണ്ട്. ഈ കാലയളവില്‍ 15 അന്യസംസ്ഥാന തൊഴിലാളി ക്യാമ്പും, 814 ട്രൈബല്‍ കോളനികളും എക്‌സൈസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു.