ന്യൂഡല്‍ഹി: കേരളത്തിലെ സര്‍വകലാശാലകളില്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ നടന്ന ബന്ധു നിയമനങ്ങളില്‍ അന്വേഷണം നടത്തുമെന്നും ഇതിനായി സമിതിയെ നിയോഗിക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നത സമിതിയെയാണ് ഇതിനായി നിയോഗിക്കുക.
വിരമിച്ച ചീഫ് സെക്രട്ടറിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും സമിതിയില്‍ അംഗങ്ങള്‍ ആയേക്കും. നിലവില്‍ ദില്ലിയിലുള്ള ഗവര്‍ണര്‍ മടങ്ങി വന്നശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. നിയമനങ്ങളുടെ മുഴുവന്‍ രേഖകളും വിസിമാരോട് ആവശ്യപ്പെടാനും വിസിമാരടക്കം ബന്ധപ്പെട്ട എല്ലാവരെയും ഹിയറിംഗ് നടത്താനുമുള്ള നടപടികളിലേക്കാണ് രാജ്ഭവന്‍ നീങ്ങുന്നത്.
സര്‍ക്കാരുമായി നടക്കുന്ന പോരിനിടെ, നിയമനങ്ങളില്‍ അന്വേഷണം പ്രഖ്യാപിച്ചതിലൂടെ സര്‍ക്കാരിനെ സംശയമുനയില്‍ നിര്‍ത്താനാണ് ഗവര്‍ണറുടെ നീക്കം. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ചാന്‍സിലര്‍ മുഴുവന്‍ സര്‍വ്വകലാശാലകളിലെയും മുഴുവന്‍ ബന്ധുനിയമനങ്ങള്‍ക്കുമെതിരെ കടുത്ത നടപടിക്കാണ് ഒരുങ്ങുന്നത്. എന്നാല്‍ മൂന്ന് വര്‍ഷത്തെ നിയമനങ്ങള്‍ മാത്രമാണ് ഉന്നതസമിതി അന്വേഷിക്കുക.
മുഴുവന്‍ ബന്ധുനിയമനങ്ങളും പരിശോധിക്കാതെ മൂന്നുവര്‍ഷത്തെ നിയമനം പരിശോധിക്കുന്നത് ആരെയെങ്കിലും പ്രത്യേകം ലക്ഷ്യമിട്ടാണോ ഗവര്‍ണറുടെ അന്വേഷണ പ്രഖ്യാപനം എന്ന സംശയം ഉയര്‍ത്തുന്നുണ്ട്. താന്‍ സ്ഥാനമേറ്റ 2019 മുതലുള്ള നിയമനങ്ങള്‍ പുനപരിശോധിക്കാം എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകാം ഈ മൂന്നുവര്‍ഷ കാലാവധി നിശ്ചയിച്ചിരിക്കുക. ഓരോ സര്‍വ്വകലാശാലകളുടെയും ചട്ടങ്ങള്‍ വ്യത്യസ്തമാണ്. പക്ഷെ സര്‍വ്വകലാശാലയുടെ മേലധികാരി എന്ന നിലയില്‍ ചാന്‍സിലര്‍ക്ക് ഏത് നിയമനങ്ങളും പരിശോധിക്കാം. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കാം.
പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിനെ നിയമപരമായി ചോദ്യം ചെയ്യുമെന്ന പറഞ്ഞ കണ്ണൂര്‍ വിസി, ഗോപീനാഥ് രവീന്ദ്രനെതിരെയാണ് ഗവര്‍ണര്‍ രോഷം കടുപ്പിക്കുന്നത്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സ്ലര്‍ പെരുമാറുന്നത് ഭരിക്കുന്ന പാര്‍ട്ടിയുടെ അംഗത്തെപ്പോലെയാണെന്ന് അദ്ദേഹം വിമര്‍ശനമുന്നയിച്ചു. പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
വിസിക്കെതിരെ ശക്തമായ നടപടിയിലേക്ക് നീങ്ങാനുള്ള നീക്കത്തിലാണ് ഗവര്‍ണര്‍. കേരളത്തിലെ എഡ്യുക്കേഷന്‍ സിസ്റ്റം മികച്ചതാണ്, എന്നാല്‍ കേരളത്തിലെ മികച്ച വിദ്യാര്‍ഥികളൊക്കെ കേരളത്തിന് പുറത്ത് പഠിക്കാനാണ് താത്പര്യപ്പെടുന്നത്. ഇതിന് കാരണം കേരളത്തിലെ സര്‍വകലാശാലകളിലെ രാഷ്ട്രീയ ഗൂഢാലോചനകളാണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതിനെതിരേയാണ് തന്റെ നടപടികളെന്നും അദ്ദേഹം പറയുന്നു.