കഴിഞ്ഞ രണ്ടു പ്രളയ സമയത്തും പാലത്തിനു മുകളിലൂടെ വെള്ളം കുത്തിയൊലിച്ചതിന്റെ ഫലമായി കൈവരികളെല്ലാം തകര്‍ന്ന സ്ഥിതിയിലാണ്. നിലവില്‍ തകര്‍ന്ന കൈവരികളുടെ ഭാഗത്ത് മുളകള്‍ കെട്ടിവെച്ചാണ് അപകടം ഒഴിവാക്കുന്നത്. കാലവര്‍ഷം വീണ്ടും കനത്തതോടെ പാലം തകര്‍ന്നു വീഴുമോയെന്ന ഭയത്തോടെയാണ് യാത്രക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നത്.
ക്നാനായ കുടിയേറ്റ സുവര്‍ണ ജൂബിലി സ്മാരകമായാണ് കാല് നൂറ്റാണ്ടു മുമ്ബ് പയ്യാവൂര്‍ -പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കണ്ടകശ്ശേരിയില്‍ പാലം പണിതത്. നാട്ടുകാര്‍ പിരിവെടുത്തായിരുന്നു നിര്‍മാണം. 1993ല്‍ ശിലാസ്ഥാപനം നടത്തി. പടിയൂര്‍, പയ്യാവൂര്‍ പഞ്ചായത്തും ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്തും പാലം നിര്‍മാണവുമായി സഹകരിച്ചു. 2002ല്‍ കോട്ടയം രൂപതാ മെത്രാന് മാര്‍. മാത്യു മൂലക്കാട്ടാണ് പാലം ഉദ്ഘാടനം ചെയ്തത്.