IndiaNEWS

കണ്ടു നിന്നവരുടെ കണ്ണ് നിറഞ്ഞു, ക്യാപ്റ്റന്‍ നിര്‍മ്മലിന് ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്രയുടെ അവസാന സല്യൂട്ട്

പച്ചാളം ശ്മശാനത്തില്‍ നടന്ന ആ സംസ്‌കാര ചടങ്ങുകൾ അത്യന്തം ശോക സാന്ദ്രമായിരുന്നു. വിതുമ്പുന്ന ചുണ്ടുകള്‍ കടിച്ചുപിടിച്ചും ഈറനണിഞ്ഞ കണ്ണുകള്‍ പൂട്ടിത്തുറന്നും ആ യുവ സൈനിക ഓഫീസര്‍ തന്റെ പ്രിയതമന് അന്ത്യാഭിവാദ്യം നല്‍കി. കണ്ടു നിന്നവരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പി. മദ്ധ്യപ്രദേശില്‍ മിന്നല്‍ പ്രളയത്തില്‍പെട്ട് മരിച്ച ക്യാപ്റ്റന്‍ നിര്‍മ്മല്‍ ശിവരാജിന് അദ്ദേഹത്തിന്റെ ഭാര്യ ലെഫ്റ്റനന്റ് ഗോപി ചന്ദ്ര നല്‍കിയ അവസാന സല്യൂട്ട് ആരുടെയും ഹൃദയത്തെ ആർദ്രമാക്കുന്നതായിരുന്നു.

സൈനിക ഓഫീസറായ ഭാര്യയെ കണ്ടു മടങ്ങുന്നതിനിയിലാണ്‌ നിര്‍മല്‍ പ്രളയത്തില്‍പെടുന്നത്. മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ലെഫ്റ്റനന്റ് ആയി ജോലി ചെയ്യുന്ന ഭാര്യ ഗോപി ചന്ദ്രയെ കണ്ട ശേഷം ജോലി സ്ഥലമായ പച് മഠിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നിര്‍മ്മലിനെ കാണാതായത്. ഡാമുകള്‍ തുറന്നുവിട്ടതുമൂലമുണ്ടായ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു നിര്‍മ്മല്‍ സഞ്ചരിച്ച കാര്‍. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

എറണാകുളത്തെ പച്ചാളം ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലാണ് ഭാര്യ പ്രിയതമന് അവസാന സല്യൂട്ട് നല്‍കിയത്. പോലീസും സൈന്യവും ഔദ്യോഗിക ബഹുമതികളോടെയാണ് നിര്‍മ്മലിനെ യാത്രയാക്കിയത്. അതിന് ശേഷം ഭൗതികദേഹത്തിന് മുകളിലിട്ടിരുന്ന ദേശീയപതാക ഭാര്യയ്ക്ക് സൈനിക ഉദ്യോഗസ്ഥര്‍ കൈമാറി. അപ്പോഴും ഗോപി ചന്ദ്ര ദു:ഖം ഉള്ളിലൊതുക്കി തേങ്ങുന്നുണ്ടായിരുന്നു.

കാര്‍ഗില്‍ യുദ്ധ സമയത്ത് വിദ്യാര്‍ത്ഥിയായിരുന്ന നിര്‍മ്മല്‍ ശിവരാജിന് അവിടെ നിന്നാണ് രാജ്യസേവനമെന്ന ആഗ്രഹം പൊട്ടിമുളച്ചത്. സൈന്യത്തില്‍ ചേര്‍ന്നതിലൂടെ ഇത് പൂര്‍ത്തീകരിച്ചു. കാര്‍ഗില്‍ യുദ്ധസമയത്ത് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്യാനാവുന്നില്ലല്ലോ എന്ന് ആലോചിച്ച നിര്‍മ്മല്‍ സൈന്യത്തില്‍ എത്താനായി കഠിനപ്രയത്നം നടത്തുകയും ചെയ്തിരുന്നു.

എറണാകുളത്തെ മാമംഗലത്ത് വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമായിരുന്നു പച്ചാളം ശ്മശാനത്തില്‍ സംസ്‌കാരം. വീട്ടില്‍ നൂറുകണക്കിന് പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖൂബെ നിര്‍മ്മലിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട് അനുശോചനം അറിയിച്ചു. നിര്‍മ്മലിന്റെ വിയോഗം വലിയ നഷ്ടമാണെന്നും രാജ്യത്തെ കൂടുതല്‍ സേവിക്കാനുള്ള അവസരം അദ്ദേഹത്തിന് നഷ്ടമായതില്‍ ദു:ഖമുണ്ടെന്നും ഭഗവന്ത് ഖൂബെ പറഞ്ഞു.

Back to top button
error: