മുണ്ടക്കയം പൊലീസാണ് തിരുവല്ലം ഉണ്ണിയുടെ നീക്കം മണത്തറിഞ്ഞ് ഇയാളെ പിന്തുടര്ന്നത്. സ്വാതന്ത്ര്യദിനത്തിലാണ് സംഭവം. അടൂരില്‍ നിന്ന് ഉണ്ണി ടാറ്റാ സുമോയില്‍ പത്തനംതിട്ടയിലേക്ക് കടന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് പിന്തുടര്ന്നത്. ഇതു മനസിലാക്കിയ ഉണ്ണി അതിവേഗതയില്‍ വാഹനം വിട്ടു. പത്തനംതിട്ട കോളജ് ജങ്ഷനില്‍ നാലു വാഹനങ്ങളില്‍ ഇടിച്ചിട്ടും നിര്‍ത്താതെ മുന്നോട്ടു പോയി.പൊലീസും പിന്നാലെ തന്നെ പാഞ്ഞു.
വാളുവെട്ടും പാറയില്‍ റോഡ് തീര്‍ന്ന സ്ഥലത്ത് വാഹനം ഉപേക്ഷിച്ച് ഉണ്ണി രക്ഷപ്പെട്ടു. പിന്നാലെ വന്ന മുണ്ടക്കയം പൊലീസ് കാണുന്നത് വാഹനത്തില്‍ നിന്നിറങ്ങുന്ന പത്തനംതിട്ട വനിതാ സ്റ്റേഷനിലെ സിപിഓ ഹസീനയെയാണ്. ഉണ്ണി എങ്ങോട്ടു പോയെന്ന് ചോദിച്ചപ്പോള്‍ പരസ്പര വിരുദ്ധമായാണ് ഇവർ സംസാരിച്ചത്.
സ്വാതന്ത്യ ദിന പരേഡില്‍ പങ്കെടുക്കാന്‍ പോകുന്നതിന് വാഹനം കാത്തു നിന്നപ്പോള്‍ ലഭിക്കാതെ വരികയും തുടര്‍ന്ന് ലിഫ്ട് തേടുകയും മായിരുന്നുവെന്നാണ് കോണ്‍സ്റ്റബിളിന്റെ ആദ്യ വിശദീകരണം.
എന്നാൽ പത്തനംതിട്ട ഡിവൈഎസ്പിയോട് ഇവർ പറഞ്ഞത് മറ്റൊരു തരത്തിലാണ്.ട്രാഫിക് പൊലീസാണ് തന്നെ ഈ വാഹനത്തില്‍ കയറ്റി വിട്ടതെന്നും കോളജ് ജങ്ഷനില്‍ ഇറക്കി വിടണമെന്ന് പറഞ്ഞെങ്കിലും കോളജ് ജങ്ഷനില്‍ നിര്‍ത്തിയില്ലെന്ന് മാത്രമല്ല, തന്നെ നന്നുവക്കാട് കൊണ്ടിറക്കി വിട്ടുവെന്നുമായിരുന്നു അത്.പത്തനംതിട്ട ഡിവൈ.എസ്പി എസ്. നന്ദകുമാര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ പ്രതിയെ പിന്തുടര്ന്ന് വന്ന മുണ്ടക്കയം ഇന്‍സ്പെക്ടറോട് ഹസീന പറഞ്ഞത് മറ്റൊരു കഥയാണ്. തന്റെ വാഹനത്തില്‍ തട്ടിയ ടാറ്റാ സുമോ കസ്റ്റഡിയിലെടുത്ത് വരികയായിരുന്നുവത്രേ. ഇക്കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വിശിഷ്ട സേവാമെഡല്‍ നേടിയ ഉദ്യോഗസ്ഥയാണ് ഹസീന.ഇവര്‍ക്കെതിരേ ഡിപ്പാര്‍ട്ട്മെന്റ് തല അന്വേഷണം തുടങ്ങിയിട്ടുണ്ട്.