തിരുവനന്തപുരം: ഓണക്കാലത്തെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താൻ ലക്ഷ്യമിട്ടുള്ള കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ ഈ മാസം 27 ന് ആരംഭിക്കും.
സെപ്തംബര്‍ ഏഴുവരെ 10 ദിവസമാണ് ചന്ത പ്രവര്‍ത്തിക്കുക. സംസ്ഥാനത്താകെ 1500 സഹകരണ ഓണച്ചന്തകളാണ് ആരംഭിക്കുന്നത്.
13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റിനങ്ങള്‍ 10 മുതല്‍ 40 % വരെ വിലക്കുറവിലും ചന്തയില്‍ ലഭിക്കും. ഒരു കുടുംബത്തിലേക്ക് ആവശ്യമായ മുഴുവന്‍ സാധനങ്ങളും ലഭ്യമാകുന്ന തരത്തില്‍ വിപുലമായും സഹകരണ സ്ഥാപനങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ വിപണനകേന്ദ്രമായും ഓണച്ചന്തകള്‍ പ്രവര്‍ത്തിക്കും.
സബ്‌സിഡി സാധനങ്ങള്‍ക്കുപുറമെ 43 ഇന നോണ്‍ സബ്‌സിഡി സാധനങ്ങളും മില്‍മ കിറ്റും ലഭിക്കും. പഴം, പച്ചക്കറികളും ഓണം ഫെയറിലുണ്ടാകും. സേമിയ, പാലട, അരിയട, ചുവന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്, കറിപ്പൊടികള്‍, അരിപ്പൊടി, തേയില എന്നിവയും പ്രത്യേകം വിലക്കുറവില്‍ ലഭിക്കും.