സുരക്ഷിതവും അതേസമയം നല്ല വരുമാനവും നേടിത്തരുന്ന പോളിസികളാണ് എല്ലാ കാലത്തും എല്‍ഐസി അവതരിപ്പിക്കുന്നത്. പോളിസി എടുത്തവര്‍ക്ക് സാമ്പത്തിക സഹായം ഉറപ്പു വരുത്തുന്ന മാര്‍ഗ്ഗമാണ് ഇന്‍ഷുറന്‍സ്. കേന്ദ്ര ഗവണ്മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം വ്യത്യസ്ത പ്രായത്തിലും അവരവരുടെ ആവശ്യങ്ങള്‍ക്കും അനുസരിച്ച് നിരവധി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് എല്‍ഐസിയുടെ ജീവന് ഉമാംഗ് പോളിസി.
പോളിസി എടുത്തവര്‍ക്ക് മാത്രമല്ല, പോളിസി ഉടമയുടെ കുടുംബത്തിനും വരുമാനവും പരിരക്ഷയും നല്കുന്ന ഒരു പോളിസിയാണ് ജീവന് ഉമാംഗ്. പ്രീമിയം അടയ്ക്കുന്ന കാലയളവിന്റെ അവസാനം മുതല്‍ മെച്യൂരിറ്റി വരെ ലഭിക്കുന്ന വാര്‍ഷിക അതിജീവന ആനുകൂല്യങ്ങള്‍ മാത്രമല്ല, കാലാവധി പൂര്‍ത്തിയാകുമ്പോഴോ പോളിസി ഉടമയുടെ ജീവിതത്തിലുടനീളം പെന്‍ഷനായോ ഇത് തിരികെ ലഭിക്കുന്നതുമാണ്.
ഇന്‍ഷ്വര്‍ ചെയ്തയാളുടെ കുടുംബത്തിന് വരുമാനവും പരിരക്ഷയും നല്കുന്ന നോണ്‍-ലിങ്ക്ഡ് അഷ്വറന്‍സ് പദ്ധതിയാണിത്. പ്രതിദിനം 45 രൂപ നിക്ഷേപിച്ചാല്‍ 36,000 രൂപ വാര്‍ഷിക പെന്ഷന് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉദാഹരണത്തിന്, 4.5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായി 26 വയസ്സില്‍ 1,350 രൂപ പ്രതിമാസം നല്കിയാല് മതിയാകും. അതായത് ദിവസം 45 രൂപ എന്ന കണക്കില്‍. അങ്ങനെയാണെങ്കില്‍ നിങ്ങളുടെ വാര്‍ഷിക പ്രീമിയം 15,882 രൂപയും നിങ്ങളുടെ പ്രീമിയം പേയ്മെന്റ് 30 വര്‍ഷത്തിന് ശേഷം 47,6460 രൂപയും ആയിരിക്കും.
30 വര്‍ഷം തുടര്‍ച്ചയായി പ്രീമിയം അടച്ചാല്‍ 31-ാം വര്‍ഷത്തില്‍ നിങ്ങളുടെ നിക്ഷേപത്തിന്റെ റിട്ടേണായി എല്‍ഐസി പ്രതിവര്‍ഷം 36,000 രൂപ വച്ച് നിങ്ങള്‍ക്ക് നല്‍കും. റിട്ടേണ്‍ കിട്ടുന്ന വര്‍ഷം മുതല്‍ 100 വയസ് വരെ നിങ്ങള്‍ ജീവിച്ചിരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 36 ലക്ഷം രൂപ ലഭിക്കും. പോളിസിയുടെ അടിസ്ഥാന സം അഷ്വേര്‍ഡ് 2 ലക്ഷം രൂപയാണ്. എല്‍ഐസി ജീവന് ഉമാംഗ് പോളിസി ഉടമ 100 വയസ്സിനുമുമ്പ് മരണപ്പെട്ടാലും നോമിനിക്ക് ഇത് പിന്‍വലിക്കാനാകും. വേണമെങ്കില്‍ തവണകളായും തുക പിന്‍വലിക്കാം. ജീവന് ഉമാംഗ് പോളിസിയുടെ പ്രീമിയം എടുക്കാവുന്നത് 15 വര്‍ഷം, 20 വര്‍ഷം, 25 വര്‍ഷം, 30 വര്‍ഷം എന്നീ വര്‍ഷങ്ങളിലേക്കാണ്.