ലണ്ടന്‍: ഏതു രക്തഗ്രൂപ്പിലുള്ളവരുടെയും വൃക്കകള്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനുള്ള സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകര്‍. രക്ത ഗ്രൂപ്പിന്റെ പേരില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കു കാത്തുനില്‍ക്കുന്നവര്‍ക്കു പ്രതീക്ഷയേകുന്നതാണ് പുത്തന്‍ പരീക്ഷണവിജയം.
പ്രഫ. മൈക്ക് നിക്കോള്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷണമാണു വിജയത്തിലേക്കു നീങ്ങുന്നത്. വൃക്കയ്ക്കുള്ളിലെ ബ്ലഡ് ടൈപ്പ് മാര്‍ക്കേഴ്‌സിനെ പ്രത്യേക മാംസ്യം ഉപയോഗിച്ചു നീക്കം ചെയ്താണ് ഒ ഗ്രൂപ്പിലേക്കു മാറ്റുന്നത്.
പുതിയ പരീക്ഷണത്തിലൂടെ ബി രക്ത ഗ്രൂപ്പുള്ള വൃക്കയുടെ കോശങ്ങളെ മണിക്കൂറുകള്‍ക്കുള്ളില്‍ ഒ ഗ്രൂപ്പിലേക്കു മാറ്റാനായി. വൃക്കകോശങ്ങളില്‍ പ്രത്യേക മാംസ്യം കടത്തിവിട്ടപ്പോള്‍ രക്തഗ്രൂപ്പുകള്‍ക്കു കാരണമായ ആന്റിജനുകള്‍ നീക്കംചെയ്യപ്പെട്ടു. ഇതു പൂര്‍ണവളര്‍ച്ചയെത്തിയ വൃക്കകളില്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമത്തിലാണു തങ്ങളെന്നു ഗവേഷകര്‍ പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയ നടത്തണമെങ്കില്‍ ഇതുവരെ സ്വീകര്‍ത്താവിന്റെയും ദാതാവിന്റെയും രക്തഗ്രൂപ്പുകള്‍ ഒന്നാകണമായിരുന്നു. പരീക്ഷണം പൂര്‍ണതോതില്‍ വിജയിക്കുന്നതോടെ അവയവമാറ്റ ശസ്ത്രക്രിയാ രംഗത്ത് വന്‍ മുന്നേറ്റമുണ്ടാകും. വൃക്കകള്‍ക്കു പുറമേ മറ്റ് അവയവങ്ങളും രക്ത ഗ്രൂപ്പിന് അതീതമായി മാറ്റിവയ്ക്കാനുള്ള ഗവേഷണം പുരോഗമിക്കുയാണെന്നാണ് റിപ്പോര്‍ട്ട്.