KeralaNEWS

ആര്‍ക്കാണ് ഇത്ര ചൊറിച്ചില്‍, ഇത്രയും വൃത്തികെട്ട ഒരു ഭരണം…; ഹെല്‍മെറ്റ് നിരോധനത്തില്‍ സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനവുമായി വ്‌ളോഗര്‍

കൊച്ചി: ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നത് നിരോധിച്ച നടപടിയില്‍ സര്‍ക്കാരിനും മോട്ടോര്‍ വാഹന വകുപ്പിനും എതിരേ രൂക്ഷവിമര്‍ശനവുമായി വ്‌ളോഗര്‍ രംഗത്ത്. മല്ലു ട്രാവലര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഷാക്കിര്‍ സുബ്ഹാന്‍ ആണ് വീഡിയേയുമായി രംഗത്തെത്തിയത്. ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിച്ച് വാഹനം ഓടിച്ചാല്‍ ആയിരം രൂപ പിഴയോടൊപ്പം മൂന്നു മാസത്തേക്ക് െലെസന്‍സ് റദ്ദാക്കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെതിരേയാണ് വീഡിയോ.

ഹെല്‍മെറ്റ് ക്യാമറ നിരോധനത്തിന് ആര്‍ക്കാണ് ഇത്ര ചൊറിച്ചില്‍ ?.. ഇത്രയും വൃത്തികെട്ട ഒരു ഭരണം… എന്ന തലക്കെട്ടോടെ മല്ലു ട്രാവലര്‍ എന്ന തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സര്‍ക്കാരിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് വ്‌ളോഗറായ യുവാവ് നടത്തിയിരിക്കുന്നത്.

Signature-ad

കേരളത്തില്‍മാത്രം അടുത്തിടെ കണ്ടുകൊണ്ടിരിക്കുന്നത് തുഗ്ലക്ക് നിയമങ്ങളാണ്. ഇതുമൂലം കേരളത്തിലെ വാഹനപ്രേമികള്‍ നരകയാതനയാണ് അനുഭവിക്കുന്നതന്നു ഷാക്കിര്‍ പറയുന്നു. വാഹനങ്ങളിലെ മോഡിഫിക്കേഷനും സ്റ്റിക്കറിനുമെതിരേയെല്ലാം രംഗത്ത് വന്നപ്പോള്‍ സര്‍ക്കാരിന് എപ്പോഴെങ്കിലും നേരം വെളുക്കും എന്നു കരുതി. എന്നാല്‍ ഇപ്പോള്‍ ഹെല്‍മെറ്റിലെ ക്യാമറയും നിരോധിച്ചിരിക്കുന്നു. ആരാണ് ഈ നിയമങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇത്ര പൊട്ടന്മാരാണോ മോട്ടോര്‍ വാഹന വകുപ്പിന്റെ മുകളിലിരിക്കുന്നതെന്നും നാലാം ക്ലാസുകാരന്റെ വിവരം പോലും ഇവര്‍ക്ക് ഇല്ലേയെന്നും ഇയാള്‍ വീഡിയോയില്‍ ചോദിക്കുന്നു.

ഗതാഗത മന്ത്രി ആദ്യം ഹെല്‍മെറ്റ് വച്ച് വാഹനം ഓടിച്ചുനോക്കൂ എന്നും അതിനുശേഷം മാത്രം ഇത്തരം തുഗ്ലക്ക് നിയമങ്ങള്‍ക്ക് അനുമതി കൊടുക്കൂ എന്നും ഷാക്കിര്‍ ഉപദേശിക്കുന്നു. കേരളത്തിലെ പുതുതലമുറയുടെയിടയില്‍ വ്‌ളോഗുകളിലൂടെ പ്രശസ്തിനേടിയെടുത്തയാളാണ് ഷാക്കിര്‍. ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഇയാളുടെ വീഡിയോ കാണുന്നത്. ഹെല്‍മെറ്റ് വിഷയത്തിലെ വീഡിയോയ്ക്കും പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വന്‍ പ്രതികരണമാണ് ഉണ്ടായത്.

അതേസമയം യുവാക്കളുടെ ലൈക്കും ഷെയറും പിടിച്ചുപറ്റാനുള്ള നീക്കമായും ഷാക്കിറിന്റെ വീഡിയോയെ ചിലര്‍ വിലയിരുത്തുന്നുണ്ട്. തന്റെ പേജിന്റെ റീച്ച് വര്‍ധിപ്പിക്കാനുള്ള നീക്കമായാണ് ഒരു വിഭാഗം വീഡിയോയെക്കാണുന്നത്. മുന്‍പും പല വിവാദ വിഷയങ്ങള്‍ ഉയര്‍ന്നുവന്നപ്പോഴും ഇത്തരത്തില്‍ വീഡിയോയുമായി ഷാക്കിര്‍ രംഗത്ത് എത്തിയിരുന്നു എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

Back to top button
error: