NEWSWorld

അമിത ദാഹം ആപത്കരം, വെള്ളം കുടിച്ചതിന് ശേഷവും ദാഹം തോന്നാറുണ്ടെങ്കിൽ ഇക്കാര്യങ്ങൾ അറിയുക

ജീവന്റെ അമൃതമാണ് ജലം. ശരീരത്തിന് ധാരാളം വെള്ളം ആവശ്യമുള്ളതിനാൽ ഏവർക്കും ദാഹം അനുഭവപ്പെടുന്നു. വ്യായാമത്തിന് ശേഷമോ മസാല ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ നിങ്ങൾക്ക് സർവ്വസമയവും ദാഹം തോന്നുന്നു എങ്കിൽ അത് ആരോഗ്യപ്രശ്നത്തിന്റെ സൂചനയാകാം. അമിത ദാഹത്തിന്റെ ചില കാരണങ്ങൾ അറിയാം.

നിർജലീകരണം

Signature-ad

വേനൽക്കാലത്ത് നിർജലീകരണം സംഭവിക്കുന്നത് സാധാരണമാണ്. കാരണം വിയർപ്പും സൂര്യപ്രകാശവും മൂലം ശരീരത്തിൽ നിന്ന് ധാരാളം വെള്ളം നഷ്ടപ്പെടും. വയറിളക്കം, ഛർദി എന്നിവ മൂലവും ദാഹം സംഭവിക്കാം. നിർജലീകരണത്തിന്റെ പ്രധാന ലക്ഷണങ്ങൾ ചർമവും വായയും വരളുന്നതും പൊട്ടുന്നതും, ക്ഷീണം, തലകറക്കം, ഓക്കാനം എന്നിവ അനുഭവപ്പെടുന്നതുമാണ്.

പ്രമേഹം

പ്രമേഹം അമിതമായ ദാഹത്തിനും മൂത്രമൊഴിക്കുന്നതിനും കാരണമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ, ശരീരം അത് മൂത്രത്തിലൂടെ നീക്കം ചെയ്യാൻ ശ്രമിക്കും. അങ്ങനെ ജലത്തിന്റെ അഭാവത്തിന് കാരണമാകുന്നു. ഇത് എല്ലായ്‌പ്പോഴും ദാഹം ഉണ്ടാക്കും.

ഡയബറ്റിക് കെറ്റോഅസിഡോസിസ്

പ്രമേഹത്തിന്റെ ഗുരുതരമായ അവസ്ഥയാണ് ഡയബറ്റിക് കെറ്റോഅസിഡോസിസ്. കോശങ്ങളിലേക്ക് പ്രവേശിക്കുന്നതിൽ നിന്ന് ഗ്ലൂക്കോസ് നിയന്ത്രിക്കപ്പെടുന്ന പ്രശ്‌നം പ്രമേഹം ബാധിച്ചവർക്ക് ഉണ്ടാകാറുണ്ട്. ഇത് ശരീരത്തിൽ കെറ്റോണുകൾ നിർമിക്കുകയും അത് അസിഡിറ്റിക്ക് കാരണമാവുകയും ഇതുമൂലം കെറ്റോഅസിഡോസിസ്‌ സംഭവിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ മൂത്രമൊഴിക്കുന്നതിന് കാരണമാകുന്നു, ഇതോടെ ദാഹം അനുഭവപ്പെടുന്നു. കെറ്റോഅസിഡോസിസ് ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്, അടിയന്തിര വൈദ്യസഹായം ആവശ്യമാണ്. വരണ്ട ചർമം, ശ്വാസതടസം, ഓക്കാനം, ഛർദി, തലകറക്കം, കോമ എന്നിവയും കെറ്റോഅസിഡോസിസിന്റെ ലക്ഷണങ്ങളിൽ ഉൾപെടുന്നു.

ഗർഭാവസ്ഥ

വെള്ളം കുടിക്കണമെന്ന് ഇടയ്ക്കിടെ തോന്നുന്നത് മിക്ക ഗർഭിണികളിലും ഉള്ള സാധാരണ പ്രശ്നമാണ്. പക്ഷേ ഇത് തുടരുകയും ഗർഭാവസ്ഥയിൽ വർധിക്കുകയും ചെയ്യുകയാണെങ്കിൽ, ഗർഭകാല പ്രമേഹത്തിന്റെ ലക്ഷണമാകാം. ഉടൻ ഡോക്ടറെ സമീപിക്കണം.

മരുന്നുകളുടെ പാർശ്വഫലങ്ങൾ

ചില അസുഖങ്ങൾ മൂലവും മരുന്നുകളുടെ പാർശ്വഫലങ്ങൾ മൂലവും അമിതമായ ദാഹം സംഭവിക്കാം. പാർകിൻസൺസ്, ആസ്ത്മ, വയറിളക്കം, ആൻറിബയോടികുകൾ, ആന്റി സൈകോടിക്‌സ്, ആൻറി ഡിപ്രസന്റുകൾ എന്നിവ അതിൽ പെടുന്നു.

Back to top button
error: