KeralaNEWS

നവീകരണം കാത്തിരുന്ന് മടുത്തു; ചരിത്രമുറങ്ങുന്ന ചുങ്കപ്പിരിവ് കേന്ദ്രം മഴയില്‍ തകര്‍ന്നുവീണു

ഇടുക്കി: അറ്റകുറ്റപ്പണിക്കായി സംസ്ഥാന സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ച് നാളുകളായിട്ടും നടപടിയുണ്ടാകാഞ്ഞ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രം കനത്ത മഴയില്‍ തകര്‍ന്നുവീണു. കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ സ്ഥിതി ചെയ്തിരുന്ന ചരിത്രസ്മാരകം കൂടിയായ കെട്ടിടമാണ് അധികൃതര്‍ കണ്ണുതുറക്കാത്തതിനെത്തുടര്‍ന്ന് ഇല്ലാതായത്.

തിരുവിതാംകൂര്‍ രാജഭരണകാലത്തെ ചുങ്കപ്പിരിവ് കേന്ദ്രമായിരുന്ന ബോഡിമെട്ടിലുള്ള ഈ കസ്റ്റംസ് ഹൗസ്.
നൂറ്റാണ്ടുകള്‍ക്കുമുമ്പ് കേരളവും-തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന ബോഡിമെട്ടില്‍ ചുങ്കം പിരിക്കുന്നതിനായി തിരുവിതാകൂര്‍ രാജഭരണത്തിന്‍കീഴില്‍ പണി കഴിപ്പിക്കപ്പെട്ടതാണ് ഈ ചരിത്ര സ്മാരകം.

കസ്റ്റംസ് ഹൗസ് എന്ന പേരില്‍ രാജമുദ്രയോടെ പതിറ്റാണ്ടുകളായി തലയുര്‍ത്തി നിന്ന കെട്ടിടം കേരള സംസ്ഥാനം രൂപീകരിച്ചതോടെ വാണിജ്യ, ആദായ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക്‌പോസ്റ്റ് ഓഫീസായി മാറി.
രാജ്യവ്യാപകമായി ജി. എസ്.ടി നടപ്പിലാക്കുകയും വാണിജ്യ നികുതി വകുപ്പിന്റെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തതോടെ കസ്റ്റംസ് ഹൗസിന്റെ പ്രൗഢിയും മങ്ങിത്തുടങ്ങുകയായിരുന്നു.

അറ്റകുറ്റപ്പണി നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് പ്രോജക്ട് സമര്‍പ്പിച്ച് കാത്തിരിക്കുന്നതിനിടെയാണ് കെട്ടിടം തകര്‍ന്നത്. കല്ലും മണ്ണും ഉപയോഗിച്ചുള്ള നിര്‍മാണ രീതിയായിരുന്നു കെട്ടിടത്തിന്റേത്. സംരക്ഷണത്തിന്റെ അഭാവത്താല്‍ നാശോന്മുഖമായിരുന്ന കെട്ടിടത്തിന്റെ പിന്‍വശം ശക്തമായ മഴയില്‍ ഇടിഞ്ഞു വീഴുകയായിരുന്നു.

Back to top button
error: