കൊച്ചി: കഞ്ചാവ് ഭൂമിയില്‍ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയോട് കഞ്ചാവ് വലിക്കുന്നതിന് പ്രേരിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ മട്ടാഞ്ചേരി മാര്ട്ടിന്( ഫ്രാന്‍സിസ് നെവിന് അഗസ്റ്റിന്).
അറസ്റ്റിലായി സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴായിരുന്നു കഞ്ചാവിനെപ്പറ്റി എക്സൈസിനു ‘ക്ലാസെടുത്ത് ‘ മാര്ട്ടിന് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ചീരയും കാബേജും ക്യാരറ്റും പച്ചക്കറിയാണെങ്കില്‍ കഞ്ചാവും പച്ചക്കറിയാണെന്നും മാര്ട്ടിന് പറയുന്നു. കഞ്ചാവ് ഭൂമിയില്‍ വിത്ത് വീണ് മുളയ്ക്കുന്നതാണെന്നും എല്ലാ രോഗങ്ങള്‍ക്കുള്ള മരുന്നാണെന്നും തന്റെ മരണം വരെ ഉപയോഗിക്കുമെന്നും ഇയാള്‍ എക്സൈസിനോട് പറഞ്ഞു.
കഞ്ചാവ് തന്റെ രക്തവും ജീവനുമാണ്. കഞ്ചാവ് വിഷമല്ല. കഞ്ചാവ് തെറ്റായിട്ട് തോന്നിയിട്ടില്ല. അത് മയക്കുമരുന്നല്ല. മനുഷ്യനാണ് ഏറ്റവും വിഷം. ഞാന്‍ പ്രകൃതി സ്നേഹിയാണെന്നും ഇയാള്‍ പറഞ്ഞു. രോഗിയായ താന്‍ കഞ്ചാവ് വലിച്ചതോടുകൂടിയാണ് സാധാരണ മനുഷ്യനായതെന്നും ഇയാള്‍ പറഞ്ഞു.
തൃശൂര്‍ സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനിയോട് കഞ്ചാവ് വലിക്കുന്നതിനെപ്പറ്റി ചര്‍ച്ച ചെയ്ത വീഡിയോ വൈറലായതിനു പിന്നാലെയാണ് യൂട്യൂബ് വ്ളോഗറായ മാര്ട്ടിന് അറസ്റ്റിലായത്. പെണ്‍കുട്ടിയോട് കഞ്ചാവ് വലിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത കാര്യം സംഭവത്തില്‍ പ്രത്യേകം അന്വേഷണം നടത്തുമെന്നും ഇക്കാര്യത്തില്‍ ഇയാളുടെ മൊഴിയെടുക്കുമെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ഇന്‍സ്റ്റാഗ്രാം ലൈവില്‍ ഇയാള്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രൊത്സാഹിപ്പിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ സംഭവത്തില്‍ കാട്ടൂര്‍ പൊലീസും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.