തിരുവനന്തപുരം: ‘ജവാന്’ എന്ന പേര് മദ്യത്തിന് നല്‍കുന്നത് സൈനികര്‍ക്ക് നാണക്കേടാണെന്നും പേര് മാറ്റണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം. വിമുക്തഭടനാണ് നിവേദനവുമായി സര്‍ക്കാരിനെ സമീപിച്ചത്. ജവാന് റം ഉദ്പപാദിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ പേര് മാറ്റാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും എക്സൈസ് കമ്മീഷണര്‍ക്ക് കൈമാറിയ നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഏറെ പ്രചാരമുള്ള ജവാന് എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മദ്യത്തിന്റെ ബ്രാന്‍ഡ് നെയിം മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായേക്കില്ല. മുന്‍പും ഇത്തരത്തിലുള്ള നിരവധി പരാതികള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ അതിനു ചെവികൊടുക്കാറില്ല. തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് ഉല്പാദിപ്പിക്കുന്ന ജവാന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും വിപണനം നടക്കുന്നതുമായ മദ്യമാണ്.
നിലവില്‍ നാല് ലൈനുകളിലായി 7500 കെയ്സ് മദ്യമാണ് ഒരു ദിവസം ഇവിടെ ഉദ്പാദിപ്പിക്കുന്നത്. 1.50 ലക്ഷം കെയ്സ് മദ്യമാണ് ഒരു മാസം വില്‍ക്കുന്നത്. ഇത് ഇനിയും വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഉദ്പാദന ലൈനുകള്‍ കൂട്ടണമെന്ന് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍ ലിമിറ്റഡ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആറ് ലൈനുകള്‍ കൂടി വേണമെന്നാണ് ആവശ്യം. നിര്‍മാണം വര്‍ധിപ്പിച്ചാല്‍ മാത്രമേ ആവശ്യത്തിനുള്ള മദ്യം എത്തിക്കാന്‍ സാധിക്കൂ എന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ശുപാര്‍ശ നടപ്പിലായാല്‍ 10,000 കെയ്സ് അധികം ഉല്പാദിപ്പിക്കാനാകും. ഒരു ലൈന്‍ സ്ഥാപിക്കാന്‍ 30 ലക്ഷം രൂപ ചെലവു വരുമെന്നാണ് കമ്പനിയുടെ കണക്ക്. ഇത് സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. സംസ്ഥാനത്തെ 23 വെയര്‍ഹൗസുകളിലൂടെയാണ് ജവാന് വിതരണം നടക്കുന്നത്.