തളിപ്പറമ്പ്: വിദ്യാഭ്യാസ വകുപ്പിന് നാണക്കേടായി കണ്ണൂരില്‍ എ.ഇ.ഒമാരുടെ കസേരകളി. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിലെ എ.ഇ.ഒ. സ്ഥലംമാറ്റം ലഭിച്ചിട്ടും സ്ഥാനം ഒഴിയാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.
തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫിലെ എ.ഇ.ഒ. കെ.ഡി. വിജയനെ കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. പകരം കുറമാത്തൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെതന്നെ പ്രഥമാധ്യാപകന്‍ വി.വി. ജയരാജനെ പുതിയ എ.ഇ.ഒ ആയി നിയമിക്കുകയും ചെയ്തു. എന്നാല്‍ ജയരാജന്‍ സ്ഥാനം ഏല്‍ക്കാന്‍ എത്തിയിട്ടും ഒഴിയാന്‍ വിജയന്‍ തയാറായില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
ഓഗസ്റ്റ് ഒന്നിനാണ് വിജയനെ കുറുമാത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രഥമാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങിയത്. ഭരണപരമായ സൗകര്യത്തിനാണ് മാറ്റമെന്നാണ് പറയുന്നത്. എന്നാല്‍, ഇതംഗീകരിക്കാന്‍ വിജയന്‍ തയ്യാറാകുന്നില്ല.
നേരത്തെ ഓഫീസിലെത്തുന്ന കെ.ഡി. വിജയന്‍ എ.ഇ.ഒ. കസേരയില്‍ ഇടം പിടിച്ച് കൃത്യനിര്‍വഹണം ആരംഭിക്കും. പകരക്കാരനായെത്തിയ ജയരാജനാകട്ടെ സമീപത്തുതന്നെ മറ്റൊരു കസേരയിട്ടിരുന്ന് കൃത്യനിര്‍വഹണം നടത്തും. രണ്ടു ദിവസമായി ഇങ്ങനെയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ചുമതലയുള്ള ആശാലതയെത്തി വിജയനുമായി സംസാരിച്ചെങ്കിലും സീറ്റൊഴിഞ്ഞുകൊടുക്കാന്‍ അദ്ദേഹം തയാറായില്ല. ഇതിനിടെ പ്രശ്നം കോടതിയിലെത്തിയിട്ടുണ്ട്. 11-ന് കോടതി എന്തുപറയുമെന്നതനുസരിച്ച് ഭാവികാര്യങ്ങള്‍ തീരുമാനിക്കുമെന്നാണ് വിജയന്‍ പറയുന്നത്.