IndiaNEWS

എട്ട് ബാങ്കുകള്‍ക്ക് പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

ദില്ലി: ആര്‍ബിഐ നിയമങ്ങള്‍ പാലിക്കാത്ത എട്ട് ബാങ്കുകള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ 40 ലക്ഷം രൂപ വരെ പിഴ ചുമത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഛത്തീസ്ഗഡ് രാജ്യ സഹകാരി ബാങ്ക്, ഗോവ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്, ഗര്‍ഹ സഹകരണ ബാങ്ക്, യവത്മാല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ജില സഹകാരി കേന്ദ്രീയ ബാങ്ക്, വാരൂദ് അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, ഇന്ദാപൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് , കൂടാതെ ദി മെഹ്സാന അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നീ ബാങ്കുകള്‍ക്കാണ് പിഴ ചുമത്തിയത്. കെവൈസി പുതുക്കുന്നത് അടക്കമുള്ള നിയമങ്ങള്‍ പാലിക്കാത്തതിലാണ് പിഴ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ മാസവും വിവിധ ബാങ്കുകള്‍ക്ക് ആര്‍ബിഐ പിഴ ചുമത്തിയിരുന്നു. ഇന്‍ഷുറന്‍സ് ബ്രോക്കിംഗ്/കോര്‍പ്പറേറ്റ് ഏജന്‍സി സേവനങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ഫെഡറല്‍ ബാങ്കിന് 5.72 കോടി രൂപയാണ് പിഴ ചുമത്തിയത്. ഇന്‍ഷുറന്‍സ് ഏജന്‍സി സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാര്‍ക്ക് പണമായോ അല്ലാതെയോ ഇന്‍ഷുറന്‍സ് കമ്പനി ഒരു പ്രോത്സാഹനവും നല്‍കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതില്‍ ബാങ്ക് പരാജപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ ഈടാക്കിയത്.

കൂടാതെ, നോ-യുവര്‍-കസ്റ്റമര്‍ (KYC) മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ആര്‍ബിഐ 70 ലക്ഷം രൂപയും പിഴ ചുമത്തിയിരുന്നു. റെഗുലേറ്ററി നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ കൊട്ടക് മഹീന്ദ്ര ബാങ്കിനും ഇന്‍ഡസ്ഇന്‍ഡ് ബാങ്കിനും യഥാക്രമം 1.05 കോടി രൂപയും ഒരു കോടി രൂപയും ആര്‍ബിഐ അന്ന് പിഴ ചുമത്തി.

ആര്‍ബിഐ ഇതുവരെ ചുമത്തിയതില്‍ ഏറ്റവും വലിയ പിഴ ലഭിച്ചിരിക്കുന്നത് ഐസിഐസിഐ ബാങ്കിനാണ്. സര്‍ക്കാര്‍ ബോണ്ടുകള്‍ കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് 2018-ല്‍ 58.9 കോടി രൂപയാണ് ഐസിഐസിഐക്ക് ആര്‍ബിഐ പിഴ ചുമത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: