KeralaNEWS

അഴിമതി ആരോപണം: മക്കളുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിശദാംശങ്ങള്‍ ചോദിച്ചു; ജെഡിയുവിന്റെ മുന്‍ പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ രാമചന്ദ്ര പ്രസാദ് സിങ് പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു

പട്‌ന: ജെഡിയുവിന്റെ മുൻ പ്രസിഡന്റും മുൻ കേന്ദ്രമന്ത്രിയുമായ രാമചന്ദ്ര പ്രസാദ് സിങ് (ആർസിപി സിങ്) അഴിമതി ആരോപണത്തിന് പിന്നാലെ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഇദ്ദേഹത്തിന്റെയും മക്കളുടെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിശദവിവരങ്ങൾ നൽകാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിങ് രാജിപ്രഖ്യാപിച്ചത്. 2013 മുതൽ 2022 വരെ ഇദ്ദേഹവും കുടുംബാം​ഗങ്ങളും വാങ്ങിക്കൂട്ടിയ ഭൂമിയുടെ വിവരങ്ങളാണ് പാർട്ടി തേടിയത്. വാർത്താ സമ്മേളനത്തിലൂടെ ജെഡിയു വിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി ഞാൻ പ്രഖ്യാപിക്കുന്നുവെന്നും ഉടൻ തന്നെ എന്റെ രാജിക്കത്ത് പാർട്ടി നേതൃത്വത്തിന് അയക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്മ​ഗ്രാമമായ ബിഹാറിലെ നളന്ദ ജില്ലയിലെ മുസ്തഫാപൂരിലാണ് സിങ് വാർത്താസമ്മേളനം നടത്തിയത്.

പാർട്ടി ഉന്നയിച്ച ആരോപണങ്ങളിൽ പരാമർശിച്ച ഭൂമിയെല്ലാം എന്റെ രണ്ട് പെൺമക്കളായ ലിപി സിങ്, ലത സിങ് എന്നിവരുടെ പേരിലാണ് വാങ്ങിയത്. ഒരാൾ മുൻ ഐപിഎസ് ഉദ്യോഗസ്ഥയും രണ്ടാമത്തെ മകൾ അഭിഭാഷകയുമാണ്. കഴിഞ്ഞ 10 വർഷമായി ഇരുവരും വെവ്വേറെ ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നു. നിയമപരമായ മാർഗങ്ങളിലൂടെയാണ് ഭൂമി വാങ്ങിയതെന്നും ഇദ്ദേഹം പറഞ്ഞു. ഇന്ന്, തന്റെ പെൺമക്കൾക്കും ജീവിതപങ്കാളിക്കുമെതിരെ അഴിമതിയാരോപണങ്ങൾ ഉന്നയിച്ച് തരംതാഴ്ന്ന നിലയിലേക്ക് പോയതിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. അത്തരം ആളുകളോടൊപ്പം എങ്ങനെ തുടരാനാകും. ആരോപണങ്ങൾ തെളിയിക്കാൻ ഉന്നയിക്കുന്നവരെ ഞാൻ ഒരിക്കൽ കൂടി വെല്ലുവിളിക്കുന്നു. ഒരു പ്ലോട്ട് ഭൂമി പോലും ഞാൻ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.  കഴിഞ്ഞ ഒന്നര വർഷമായി മാനസികമായി പീഡിപ്പിക്കപ്പെടുകയാണ്. ഇത് നിങ്ങൾ എല്ലാവരും കാണുകയാണ്. എനിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് നിഷേധിച്ചു. ഞാൻ കാര്യമാക്കിയില്ല. വീട്ടിൽ നിന്ന് ഒഴിപ്പിച്ചതും കാര്യമാക്കിയില്ല. ഇപ്പോൾ കുടുംബാംഗങ്ങളുടെ മേൽ ആരോപണങ്ങൾ ഉന്നയിക്കുന്ന തരത്തിൽ തരംതാഴ്ന്നിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

Signature-ad

വ്യാഴാഴ്ചയാണ് സിങ്ങിന് ജെഡിയു സംസ്ഥാന പ്രസിഡന്റ് ഉമേഷ് കുശ്‌വാഹ സ്വത്തുവിവരങ്ങളുടെ വിവരം തേടി കത്തയച്ചത്. നളന്ദയിലെ രണ്ട് പാർട്ടി പ്രവർത്തകർ ഉന്നയിച്ച ആരോപണങ്ങളെ തുടർന്നായിരുന്നു വിശദീകരണം തേടൽ. പാർട്ടി പ്രവർത്തകരുടെ ആരോപണങ്ങളുടെ പകർപ്പും കുശ്വാഹ സിങ്ങിന് അയച്ചു. കുടുംബം സമ്പാദിച്ച സ്വത്തുക്കളിൽ നിരവധി ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സിങ്ങിന് അയച്ച കത്തിൽ കുശ്വാഹ ആരോപിച്ചു. സിങ്ങിനും കുടുംബാംഗങ്ങൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച പാർട്ടി പ്രവർത്തകരുടെ പേര് കുശ്വാഹ പരാമർശിച്ചിട്ടില്ല. നേരത്തെ ജെഡിയുവിന്റെബ്ലോക്ക് പ്രസിഡന്റ് രാകേഷ് മുഖിയ സിങ്ങിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിങ്ങിന്റെ ഭാര്യ ഗിരിജയുടെയും രണ്ട് പെൺമക്കളായ ലിപിയുടെയും ലതയുടെയും പേരിൽ നളന്ദ ജില്ലയിലെ അഷ്ടവാൻ, ഇസ്ലാംപൂർ ബ്ലോക്കുകളിൽ 2013 മുതൽ 2022 വരെ വൻതോതിൽ ഭൂമി വാങ്ങിയെന്നാണ് ആരോപണം.

Back to top button
error: