ചെന്നൈ: കേരളത്തിനു പുറമെ തമിഴ്നാട്ടിലും കര്‍ണാടകയിലും മഴ തുടരുന്നു. സേലം മേട്ടൂര്‍ അണക്കെട്ടില്‍ നിന്നും സെക്കന്റില്‍ 2.1 ഘനഅടി വെള്ളം തുറന്നുവിടുന്നതിനാല്‍ കാവേരി നദീ തീരത്ത് താമസിക്കുന്നവര്‍ക്ക് അതിജാഗ്രതാ നിര്‍ദ്ദേശം നല്കി. കര്‍ണാടകയിലെ തെക്കന്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്.
കൃഷ്ണരാജ സാഗര്‍ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ തെക്കന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. നൂറ് കണക്കിന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. ഹൊക്കനഗലില്‍ ക്ഷേത്രത്തില്‍ കുടുങ്ങിയ വൃദ്ധദന്പതികളെ അഗ്നിരക്ഷാ സേനയും പൊലിസും രക്ഷപ്പെടുത്തി. ദക്ഷിണ കന്നഡ, ഉഡുപ്പി,ചിക്കമംഗ്ലൂരു, ശിവമോഗ എന്നിവടങ്ങളില്‍ റെഡ് അലര്‍ട്ടാണ്. സ്കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്.
അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കര്‍ണാടകയില്‍ മഴക്കെടുതിയില്‍ 16 മരണം റിപ്പോര്‍ട്ട് ചെയ്്തിട്ടുണ്ട്. അണക്കെട്ടുകള്‍ തുറന്നതോടെ, കാവേരി നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. എല്ലാ കൈവഴികളിലും നീരോഴുക്ക് കൂടി. പ്രദേശത്ത് വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തേനി, നീലഗിരി ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മിതമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.