കോട്ടയം: പ്രകടനത്തിനായി തെരുവുനായയെ കൊന്നെന്ന കേസില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പന് ഉള്‍പ്പെടെ 15 പ്രതികളെ കോടതി വെറുതെ വിട്ടു. കോട്ടയം സിജെഎം കോടതിയുടേതാണ് നടപടി. തെരുവുനായ ശല്യത്തിനെതിരെ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച പ്രകടനത്തില്‍ ഉപയോഗിക്കുന്നതിന് വേണ്ടി തെരുവുനായയെ കൊന്നുവെന്നാണ് കേസ്. സംഭവത്തില്‍ നേരത്തെ സുപ്രീം കോടതിയടക്കം വിമര്‍ശനം ഉന്നയിച്ചിരുന്നു. 2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമായ സാഹചര്യത്തില്‍ ഉപദ്രവകാരികളായ തെരുവ് നായ്ക്കളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നാവാശ്യപ്പെട്ട് കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന സജി മഞ്ഞകടമ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. നാട്ടുകാര്കൊന്നിട്ട നായയുമായി പ്രതിഷേധം നടത്തുക മാത്രമാണ് ചെയ്തത് എന്നാണ് കേരള കോണ്‍ഗ്രസ് യുവജന നേതാക്കളുടെ വാദം. ഇതിനെതിരെ തെളിവ് ഹാജരാക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. ഇതോടെയാണ് കേസില്‍ പ്രതികള്‍ കുറ്റക്കാരല്ല എന്ന് കോടതി കണ്ടെത്തിയത്.
കഴിഞ്ഞ ആറ് വര്‍ഷമായി ഈ കേസിന്റെ പേരില്‍ ഇരു മുന്നണികളിലുള്ള പ്രവര്‍ത്തകര്‍ കോടതികയറിയിറങ്ങി വലയുകയായിരുന്നു. കേരള കോണ്‍ഗ്രസ് പിളര്‍ന്നതോടെയാണ് പ്രവര്‍ത്തകര്‍ ഇടതു വലതു മുന്നണികളിലായത്. കേസ് അനന്തമായി നീണ്ടതോടെ പ്രതികളാക്കപ്പെട്ട പ്രവര്‍ത്തകര്‍ വിദേശത്ത് ജോലിക്ക് പോലും പോകാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് ഹൈക്കോടതി ആറ് മാസത്തിനുള്ളില്‍ കേസ്സ് തീര്‍പ്പാക്കണമെന്ന വിധി ഇറക്കി. ഇതിനുശേഷമാണ് അടിന്തരമായി കോട്ടയം സിജെഎം കോടതി വാദം പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. തെരുവ് നായ്ക്കളെ കൊന്നു എന്ന പേരില്‍ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന തനിക്കെതിരെ അടക്കം പൊലീസ് കള്ളക്കേസ് ചുമത്തുകയായിരുന്നു എന്ന് സജി മഞ്ഞകടമ്പില്‍ പ്രതികരിച്ചു.