ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തിയതി 31ന് അവസാനിച്ചു. ആദായ നികുതി വകുപ്പ് പറഞ്ഞ സമയത്തിനുള്ളില്‍ നികുതി ഫയല്‍ ചെയ്യാന്‍ കഴിയാത്തവര്‍ എന്ത് ചെയ്യും? സമയ പരിധി നീട്ടില്ലെന്ന് മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇനിയും റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കുക.
കൃത്യസമയത്ത് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആദായ നികുതി വകുപ്പിന് പിഴ നല്‍കേണ്ടി വരും. 2022 ഡിസംബര്‍ 31 വരെ ഐടിആര്‍ ഫയല്‍ ചെയ്യാം. 5000 രൂപ പിഴ നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം വരെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയാലുള്ള പരമാവധി പിഴ 10,000 രൂപയായിരുന്നു. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷം മുതല്‍ പിഴയില്‍ ആദായ നികുതി വകുപ്പ് മാറ്റം വരുത്തി.
ഈ വർഷം റിട്ടേണ്‍ കൃതസമയത്ത് സമര്‍പ്പിക്കാത്തവര്‍ 5,000 രൂപ പിഴ അടച്ചാല്‍ മതിയാകും. മാത്രമല്ല ആദായ നികുതി പരിധി കടക്കാത്തവരാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാല്‍ പിഴ നൽകേണ്ടതുമില്ല. കൂടാതെ ചെറുകിട നികുതി ദായകര്‍ക്ക് പിഴ നൽകുന്നതിലും ഇളവുകൾ ലഭിക്കും. വരുമാനം 5 ലക്ഷത്തില്‍ കുറവാണെങ്കിൽ വൈകി റിട്ടേൺ ഫയൽ ചെയ്താലും 1,000 രൂപ മാത്രമാണ് പിഴ ഈടാക്കുക.
എന്തുകൊണ്ടാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യേണ്ടത്?
- ആദായ നികുതി വകുപ്പിൽ നിന്നും നികുതി റീഫണ്ട് ക്ലെയിം ചെയ്യണമെങ്കിൽ റിട്ടേൺ ഫയൽ ചെയ്തിരിക്കണം.
- വിദേശ വരുമാനമോ നിക്ഷേപമോ ഉണ്ടെങ്കിൽ
- ഒരു വിസയ്ക്കോ വായ്പയ്ക്കോ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ.
- നികുതിദായകൻ ഒരു കമ്പനിയോ സ്ഥാപനമോ ആണെങ്കിൽ
- നികുതിദായകർക്ക് ഇളവുകൾ ബാധകമാണെങ്കിലും ഐടിആർ ഫയൽ ചെയ്യണം
- ഒന്നോ അതിലധികമോ കറന്റ് ബാങ്ക് അക്കൗണ്ടുകളിൽ മൊത്തം ഒരു കോടി രൂപയിൽ കൂടുതൽ തുക നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ
- തനിക്കോ മറ്റേതെങ്കിലും വ്യക്തിക്കോ വേണ്ടിയുള്ള വിദേശ യാത്രയ്ക്കായി മൊത്തം 2 ലക്ഷത്തിലധികം ചെലവ് വന്നിട്ടുണ്ട്
- വൈദ്യുതി ഉപഭോഗത്തിനായി മൊത്തം ഒരു ലക്ഷത്തിലധികം രൂപ ചെലവിക്കിയെങ്കിൽ.
- നിങ്ങൾ ഒരു ബിസിനസുകാരനാണെങ്കിൽ നിങ്ങളുടെ മൊത്തം വിൽപ്പന, വിറ്റുവരവ് അല്ലെങ്കിൽ മൊത്ത രസീത് മുൻ വർഷം 60 ലക്ഷം കവിഞ്ഞാൽ.