ദില്ലി: വൈദ്യതി ഉത്പാദന വിതരണ കമ്പനികള്‍ക്ക് വിവിധ സംസ്ഥാനങ്ങളും വകുപ്പുകളും നല്‍കാനുള്ള കുടിശിക പണം എത്രയും വേഗം നല്‍കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി. എന്‍ടിപിസിയുടെ വിവിധ ഹരിത ഊര്‍ജ്ജ പദ്ധതികളുടെ ഉദ്ഘാടന വേദിയിലാണ് പ്രധാനമന്ത്രി വൈദ്യുതി മേഖലയില്‍ വിവിധ സംസ്ഥാനങ്ങളുടെ കുടിശിക വേഗം തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടത്.
വൈദുതി ഉത്പാദന പ്രസരണ വിതരണ മേഖലകള്‍ കാര്യക്ഷമമാക്കാനും ലാഭകരമാക്കാനും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനങ്ങളിലെ വൈദുതി വിതരണ സ്ഥാപനങ്ങളിലെ വലിയ കുടിശിഖ തീര്‍ക്കണമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി തന്നെ മുന്നോട്ട് വച്ചത്. വൈദ്യുതി വിതരണ മേഖലയില്‍ മത്സരം ഉറപ്പാക്കുന്ന വൈദ്യുത നിയമ ഭേദഗതിയുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങളിലെ വിവിധ വൈദ്യുതി വിതരണ ബോര്‍ഡുകളുടേയും ഉത്പാദന വിതരണ കമ്പനികളുടേയും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചത്.
വൈദ്യുതി ഉത്പദാന കമ്പനിക്ക് വിതരണ കമ്പനികള്‍ നല്‍കാനുള്ള കുടിശികയും വിതരണ കമ്പനികള്‍ക്ക് വിവിധ സര്‍ക്കാരുകള്‍ നല്‍കാനുള്ള കുടിശികയും വൈദ്യുത മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നാണ് കേന്ദ്ര നിലപാട്. കഴിഞ്ഞ മാസം ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. 11935 കോടി രൂപ നല്‍കാനുള്ള തെലുങ്കാനയാണ് കുടിശികക്കാരുടെ പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. കേരളത്തില്‍ കെഎസ്ഇബിക്ക് വിവിധ വകുപ്പുകള്‍ നല്‍കേണ്ട കുടിശിക 1278 കോടി രൂപയെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്ക്.
തെലുങ്കാനയെ കൂടാതെ മഹാരാഷ്ട്രയും ആന്ധ്ര പ്രദേശും തമിഴ് നാടുമാണ് കുടിശികയില്‍ മുന്നില്‍ നില്‍ക്കുന്നത്. കേരളത്തില്‍ കെഎസ്ഇബിക്ക് വിവിധ വകുപ്പുകള്‍ നല്‍കാനുള്ള കുടിശികയില്‍ ഏറ്റവും കൂടുതലുള്ളത് ജല അതോറിറ്റിയാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് ഗഡുക്കളായാണ് ഇപ്പോള്‍ നല്‍കുന്നത്. പൂട്ടിപ്പോയ പൊതുമേഖലാ സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിങ്ങനെയും കുടിശികയുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും അത് തന്നെയാണ് സ്ഥിതി. വിവിധ വിഭാഗങ്ങള്‍ക്ക് വൈദ്യുതി സൗജന്യമായി നല്‍കിയതിന്റെ കുടിശികയും മിക്ക സംസ്ഥാനങ്ങളും വൈദ്യുതി വിതരണ കമ്പനികള്‍ക്ക് നല്‍കാനുണ്ട്.