തിരുവനന്തപുരം: കരിവന്നൂർ ബാങ്ക് തട്ടിപ്പിനിരയായ നിക്ഷേപകർക്ക് പണം തിരികെ കിട്ടാതെയുണ്ടാകുന്ന പ്രയാസങ്ങളും പ്രതിസന്ധിയും ദിവസേന പുറത്ത് വരുന്നതിനിടെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടത്തുകയാണെന്ന പ്രസ്താവനയുമായി സിപിഎം. തട്ടിപ്പ് വിവാദങ്ങളിൽ മാധ്യമങ്ങളെ പഴിക്കുന്ന സിപിഎം, സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ഗൂഢ ശ്രമം നടക്കുകയാണെന്നും മാധ്യമങ്ങൾ സംഘ പരിവാർ അജണ്ടക്ക് കുഴലൂത്ത് നടത്തുകയാണെന്നുമാണ് കുറ്റപ്പെടുത്തുന്നത്. വിവാദം ഒറ്റപ്പെട്ടതാണ്. സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ നീക്കം നടക്കുന്നു. ഒറ്റ പൈസ നിക്ഷേപകർക്ക് നഷ്ടം വരില്ലെന്ന് മുഖ്യമന്ത്രി തന്നെ ഉറപ്പ് നൽകിയതാണെന്നും സഹകരണ ബാങ്കുകളിൽ ഉണ്ടായത് ഒറ്റപ്പെട്ട സംഭവമാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
സമാനതകളില്ലാത്ത തട്ടിപ്പാണ് കരുവന്നൂർ ബാങ്കിൽ ഉണ്ടായതെന്ന് വ്യക്തമാണ്. പണാപഹരണവും ഗൂഢാലോചനയും സ്വത്ത് കൈവശപ്പെടുത്തലും മുതൽ ആത്മഹത്യ പ്രേരണ വരെ നീളുന്ന അൻപതോളം കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കടുപ്പിക്കുകയാണ് പ്രതിപക്ഷം. ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. സംസ്ഥാനത്തെ സഹകരണ മേഖലയുടെ മുഖം രക്ഷിക്കുന്നതിന് സിബിഐ അന്വേഷണമില്ലാതെ പറ്റില്ലെന്നാണ് പ്രതിപക്ഷ നിലപാട്. മുൻ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ എസി മൊയ്തീൻ അടക്കമുള്ളവരുടെ പങ്കിനെ കുറിച്ച് ആക്ഷേപമുയര്‍ന്ന സാഹചര്യത്തിൽ കൂടിയാണ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തെഴുതിയതെന്നതും ശ്രദ്ധേയമാണ്.
എന്നാൽ കരുന്നൂര്‍ ബാങ്ക് ക്രമക്കേട് ചെറിയ പ്രശ്നമായി കാണുന്നില്ലെന്നും ഭരണ സമിതി തന്നെ പിരിച്ച് വിട്ടത് അതുകൊണ്ടാണെന്നും മന്ത്രി വിഎൻ വാസവനും ഇടതുമുന്നണി കൺവീനറും വിശദീകരിക്കുന്നു. എന്നാൽ കേന്ദ്ര ഏജൻസി അന്വേഷിക്കാനെത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുകയാണ്.