IndiaNEWS

പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊന്നകേസില്‍ പ്രതികള്‍ കുറ്റക്കാര്‍; ശിക്ഷ അടുത്തയാഴ്ച

റാഞ്ചി: പ്രഭാതസവാരിക്കിറങ്ങിയ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികളും കുറ്റക്കാരെന്നു സി.ബി.ഐ. പ്രത്യേകകോടതി. ഇവര്‍ക്കുള്ള ശിക്ഷ അടുത്തയാഴ്ച വിധിക്കും.

ഝാര്‍ഖണ്ഡില്‍ 2021 ജൂലൈ 28-നു പുലര്‍ച്ചെ അഞ്ചിനാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഉത്തം ആനന്ദ് (49) ഓട്ടോറിക്ഷയിടിച്ച് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. മതിയായ വീതിയുള്ള റോഡിന്റെ ഓരം ചേര്‍ന്ന് നടന്ന ഉത്തമിനെ പിന്നില്‍നിന്നെത്തിയ ഓട്ടോറിക്ഷ ഇടിച്ചുവീഴ്ത്തിയശേഷം നിര്‍ത്താതെ പോകുന്നതു സി.സി. ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഓട്ടോ ഓടിച്ചിരുന്ന രാഹുല്‍ വെര്‍മയും സഹായി ലഖന്‍ വെര്‍മയും ഒരുമാസത്തിനുശേഷം അറസ്റ്റിലായിരുന്നു.

Signature-ad

ധന്‍ബാദിലെ മാഫിയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ആളാണ് ജഡ്ജി ഉത്തം ആനന്ദ്. ഒരു എം.എല്‍.എയുടെ വിശ്വസ്തന്‍ ഉള്‍പ്പെട്ട കൊലപാതകക്കേസില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൂടാതെ രണ്ട് അധോലോകസംഘാംഗങ്ങള്‍ക്കു ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു.

ഇത്തരം കേസുകളുടെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ മരണം സാധാരണ അപകടമല്ലെന്ന് വാദം ഉയര്‍ന്നിരുന്നു. ജഡ്ജിയുടെ ദുരൂഹമരണം വിവാദമായതിനെത്തുടര്‍ന്ന് രണ്ടുദിവസത്തിനകം സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ കേസ് സി.ബി.ഐക്കു കൈമാറി.

2021 ഓഗസ്റ്റ് നാലിനു കേസ് ഏറ്റെടുത്ത സി.ബി.ഐ. രണ്ടുമാസം കഴിഞ്ഞ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ പിടിയിലായ ഇരുവര്‍ക്കും പിന്നീട് ജാമ്യം ലഭിച്ചിരുന്നില്ല. ഝാര്‍ഖണ്ഡ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണു കേസിന്റെ വിചാരണ ആരംഭിച്ചത്.

Back to top button
error: