മുംബൈ: റിസർവ് ബാങ്ക് രാജ്യത്തെ പലിശ നിരക്ക് 35 ബേസിസ് പോയിന്റ് ഉയർത്തിയേക്കും എന്ന് റിപ്പോർട്ട്. അടുത്തയാഴ്ച ചേരുന്ന യോഗത്തിൽ റിസർവ് ബാങ്ക് സമിതി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. അമേരിക്കയിലെ ഒരു ബ്രോക്കറേജ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെയിലും ജൂണിലും പലിശ നിരക്ക് റിസർവ് ബാങ്ക് ഉയർത്തിയിരുന്നു. രണ്ട് തവണകളിലുമായി 90 ബേസിസ് പോയിന്റിന്റെ വർധനവാണ് വരുത്തിയത്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും പലിശ നിരക്ക് കൂട്ടാന്‍ റിസര്‍വ് ബാങ്ക് ആലോചിക്കുന്നത്.
റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ അടുത്ത ആഴ്ച ഇക്കാര്യവുമായി ബന്ധപ്പെട്ട പുതിയ വായ്പ നയം പ്രഖ്യാപിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയാൽ, പിന്നീലെ രാജ്യത്തെ പൊതുമേഖലാ – സ്വകാര്യ ബാങ്കുകള്ളും വായ്പ, നിക്ഷേപ പലിശകള്‍ കൂട്ടും. വീട്,വാഹന വായ്പാ പലിശ നിരക്കുകൾ ഇതിനെ അടിസ്ഥാനമാക്കി ഉയരും. ഉപഭോക്തൃ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന തലത്തിൽ എത്തിയതോടെയാണ് മെയ് മാസത്തിലും ജൂണിലും ഇതിന് മുൻപ് റിപ്പോ നിരക്ക് ഉയർത്തിയത്. ഒറ്റയടിക്കുള്ള വലിയ വർധന ഒഴിവാക്കുകയെന്ന് ലക്ഷ്യമിട്ട് ഘട്ടം ഘട്ടമായി പലിശ നിരക്ക് ഉയർത്തുകയാണ് കേന്ദ്ര ബാങ്ക്.
പണപ്പെരുപ്പം 6.7 ശതമാനത്തിലേക്ക് കുറയ്ക്കാനാണ് ഈ സാമ്പത്തിക വർഷം ആർബിഐയുടെ ശ്രമം. യുക്രൈൻ റഷ്യയുദ്ധം, എണ്ണ വിലയിലെ വർധന അങ്ങനെ നിലവിലെ ഘടകങ്ങളെല്ലാം വിലക്കയറ്റം രൂക്ഷമാക്കുമ്പോഴാണ് പണ ലഭ്യത കുറയ്ക്കാനുള്ള നടപടി റിസർവ് ബാങ്ക് സ്വീകരിക്കുന്നത്