ഏകദേശം 12 വർഷം മുൻപാണ് ചാലക്കുടി റെയിൽവേ സ്റ്റേഷനിലെ ടാക്സി ഡ്രൈവറായ സനൽ, തൃശൂരിലെ മദർ ഹോസ്പിറ്റൽലേക്ക് ഒരു ഓട്ടം പോകുന്ന സമയത്ത് ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ പടർന്ന് പന്തലിച്ച് തണലേകുന്ന നിരവധി മരങ്ങൾ കണ്ടത്… ഉള്ള തണൽമരങ്ങൾ മുറിച്ച് മാറ്റിയ ചാലക്കുടി റെയിൽവേ സ്റ്റേഷന് മുന്നിലെ അന്നത്തെ ഉഷ്ണ അവസ്ഥ അനുഭവിച്ചറിഞ്ഞിരുന്ന സനൽ ഉടനെ അതിന്റെ കുറച്ച് വിത്തുകൾ താഴേ നിന്ന് ശേഖരിച്ച് കയ്യിൽ വച്ചു… തിരിച്ച് ഓട്ടം കഴിഞ്ഞെത്തിയപ്പോൾ റെയിൽവേ സ്റ്റാളിൽ നിന്നെടുത്ത ഒഴിഞ്ഞ ചായക്കപ്പിൽ വിത്തുകൾ പാകി മുളപ്പിക്കാൻ വച്ചു.
ഒരാഴ്ചക്ക് ശേഷം വിത്തുകൾ നോക്കിയപ്പോൾ ഒരെണ്ണം മാത്രം നല്ല ആരോഗ്യത്തോടെ തളിർത്ത് നിൽക്കുന്നു… അതയാൾ സന്താഷത്തോടെ റെയിൽവേ സ്റ്റേഷന്റെ തൊട്ടുമുന്നിൽ നട്ടുവളർത്തി…. ഇന്ന് 12 വർഷത്തിനു ശേഷം റെയിൽവേ സ്റ്റേഷനു മുന്നിലെ യാത്രക്കാർക്കും ഡ്രൈവർമാർക്കും കൊടും ചൂടിലും കളിർമയേകുന്ന ചെറു തണൽമരമായി അത് പടർന്ന് പന്തലിച്ചു നിൽക്കുമ്പോൾ നാട്ടുകാർ അതിനെ സ്നേഹപൂർവ്വം സനൽമരം എന്ന് വിളിച്ചു.
സനലിനോടൊപ്പം ചാലക്കുടിയിലെ എല്ലാവരും ഇന്ന് സന്തോഷിക്കുന്നു… കൺമുന്നിൽ വളർന്ന് വന്ന മരം കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കാൻ സനലും മറ്റ് ഡ്രൈവർ സുഹൃത്തുക്കളും നിരന്തരം ഇന്നും ശ്രമിക്കുന്നു…
യാത്രക്കാർക്കും സാധാരണക്കാർക്കും ഒരുപോലെ
തണൽ നൽകി ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു ഇന്ന് സനൽമരം.