CrimeNEWS

വനപാലകരടങ്ങുന്ന സംഘം കേഴ മാനിനെ കൊന്ന് കറിവച്ച സംഭവം: വിദേശത്തേക്ക് കടന്ന പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍കൂടി പിടിയില്‍

തിരുവനന്തപുരം: വനപാലകരടങ്ങുന്ന സംഘം കേഴ മാനിനെ കൊന്ന് കറിവച്ച കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. വെമ്പായം കുതിരകുളം ഈട്ടിമൂട് തോട്ടരികത്ത് വീട്ടില്‍ ആര്‍. അന്‍ഷാദ്(39), പച്ച പാലോട് കക്കോട്ട് കുന്ന് ശരണ്‍ ഭവനില്‍ കെ. സതീശന്‍(39), കക്കോട്ട് കുന്ന് കൂരിമൂട് വീട്ടില്‍ എസ്.എസ്.രാജേന്ദ്രന്‍ (49) എന്നിവര്‍ ആണ് കഴിഞ്ഞ ദിവസം പിടിയിലായത്.

സംഭവശേഷം വിദേശത്തേക്കു കടന്ന അന്‍ഷാദ് വനംവകുപ്പ് കേസ് കടുപ്പിച്ചതോടെ ചൊവ്വാഴ്ച നാട്ടിലെത്തി റേഞ്ച് ഓഫിസര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തില്‍ രണ്ടു പേരെക്കൂടി
റേഞ്ച് ഓഫിസര്‍ എസ്.രമ്യയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പിടികൂടുകയായിരുന്നു. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

Signature-ad

സതീശന്റെ വീട്ടിലെത്തിച്ചാണ് മാനിനെ സംഘം കറിവച്ചതെന്നു വനംവകുപ്പ് പറഞ്ഞു. വീട്ടുവളപ്പില്‍ കുഴിച്ചിട്ട മാനിന്റെ അവശിഷ്ടങ്ങളും കണ്ടെടുത്തിയിട്ടുണ്ടെന്നും മാനിനെ കടത്തിയ വാഹനങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

മേയ് 10നാണ് പാലോട് റേഞ്ചിലെ പച്ചമല സെക്ഷന്‍ പരിധിയില്‍ പരിക്കേറ്റ കേഴമാനിനെ വനപാലകര്‍ ഉള്‍പ്പെട്ട സംഘം കൊന്നു കറിവച്ചത്. സംഭവത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ഷജീദ്, താല്‍ക്കാലിക വാച്ചര്‍ ആയിരുന്ന സനല്‍രാജ് എന്നിവര്‍ക്കെതിരെ വനം വകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തു.

തുടര്‍ന്ന് ഷജീദ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ അരുണ്‍ ലാല്‍ എന്നിവരെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും റേഞ്ച് ഓഫിസര്‍ ഉള്‍പ്പെടെ മുഴുവന്‍ ജീവനക്കാരെയും സ്ഥലം മാറ്റുകയും ചെയ്തു. സനല്‍രാജിനെ പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഷജീദിനെ ഇതുവരെ പിടികൂടാനായിട്ടില്ല.

Back to top button
error: