രക്തരൂക്ഷിത സംഘര്‍ഷങ്ങള്‍ക്കും അധിനിവേശ ശ്രമങ്ങള്‍ക്കും ശേഷം ഇസ്രായേല്‍ -ഫലസ്തീന്‍ പ്രശ്‌നം ഇപ്പോള്‍ ചെന്നുനില്‍ക്കുന്നത് ഒരു ഐസ്‌ക്രീമിലാണ്. അമേരിക്കന്‍ ഐസ്‌ക്രീം കമ്പനിയായ ബെന്‍ ആന്റ് ജെറീസാണ് പുതിയ പ്രശ്‌നത്തിന്റെ കേന്ദ്ര സ്ഥാനത്ത്. കമ്പനിക്കെതിരെ വന്‍ യുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്രായേല്‍. കമ്പനിയ്ക്ക് അനുകൂലമായി ഫലസ്തീന്‍ അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ 19-ന് ബെന്‍ ആന്റ് ജെറീസ് കമ്പനിയുടെ ഒരു പത്രക്കുറിപ്പ് വന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇസ്രായേല്‍ കൈയേറിയ ഫലസ്തീന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ ഐസ്‌ക്രീം വില്‍പ്പന അവസാനിപ്പിക്കുകയാണ് എന്നായിരുന്നു പത്രക്കുറിപ്പ് വ്യക്തമാക്കിയത്. ഇസ്രായേല്‍ നിയന്ത്രണത്തിലുള്ള ഫലസ്തീന്‍ മേഖലകളായ കിഴക്കന്‍ ജറൂസലമിലെയും വെസ്റ്റ് ബാങ്കിലെയും ഐസ്‌ക്രീം ഡീലര്‍മാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഡീലര്‍ഷിപ്പ് പുതുക്കില്ലെന്നാണ് പത്രക്കുറിപ്പ് വ്യക്തമാക്കിയത്. രാജ്യാന്തര അംഗീകാരമുള്ള ഇസ്രായേലി അതിര്‍ത്തിക്കുള്ളില്‍ പഴയതുപോലെ പ്രവര്‍ത്തിക്കുമെന്നും കമ്പനി അറിയിച്ചു. വര്‍ഷങ്ങളായി ഇസ്രായേലില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് നിലവില്‍ ബെന്‍ ആന്റ് ജെറീസ് ഇസ്രായേല്‍ എന്ന വിഭാഗമുണ്ട്.
ബ്രിട്ടീഷ് ബഹുരാഷ്ട്ര കുത്തകയായ യൂനിലിവറിന്റെ ഉടമസ്ഥതയിലുള്ളതാണ് അമേരിക്കന്‍ കമ്പനിയായ ബെന്‍ ആന്റ് ജെറീസ്. 1970-കളില്‍ രണ്ട് അമേരിക്കന്‍ ഹിപ്പികള്‍ ആരംഭിച്ച കമ്പനി 2000-ലാണ് 326 മില്യന്‍ ഡോളറിന് യൂനിലിവര്‍ ഏറ്റെടുത്തത്. സാമൂഹ്യ ദൗത്യങ്ങളിലും ബ്രാന്റ് ഇക്വിറ്റിയിലും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാന്‍ ബെന്‍ ആന്റ് ജെറീസ് ബോര്‍ഡിന് അനുമതി നല്‍കുന്ന കരാറോടു കൂടിയായിരുന്നു ഏറ്റെടുക്കല്‍. വര്‍ണവിവേചനങ്ങള്‍ക്കെതിരായി അമേരിക്കയില്‍ നടന്ന ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കാമ്പെയിനില്‍ ബെന്‍ ആന്റ് ജെറീസ് നേരത്തെ പങ്കാളികളായിരുന്നു.
ഇസ്രായേല്‍ പ്രതികരണം
കമ്പനി നിലപാട് പുറത്തുവന്നതോടെ ഇസ്രായേല്‍ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് യൂനിലിവര്‍ സി ഇ ഒയെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ചു. ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.
കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട 35 സ്‌റ്റേറ്റ് ഗവര്‍ണര്‍മാര്‍ക്ക് അമേരിക്കയിലെ ഇസ്രായേല്‍ സ്ഥാനപതി കത്തുനല്‍കി. ഇസ്രായേല്‍ ഉല്‍പ്പന്ന ബഹിഷ്‌കരണത്തിന് എതിരെ അമേരിക്കന്‍ സ്‌റ്റേറ്റുകളിലുണ്ടായിരുന്ന നിയമം പുനരുജ്ജീവിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രി യായിര്‍ ലാപിഡ് അമേരിക്കയോട് ആവശ്യപ്പെട്ടു. കമ്പനിക്ക് എതിരെ ഇസ്രായേലില്‍ ബഹിഷ്‌കരണ ആഹ്വാനം മുഴങ്ങിക്കഴിഞ്ഞു. മാതൃസ്ഥാപനമായ യൂനിലിവര്‍ കമ്പനിക്കെതിരെയും ഇസ്രായേലി സംഘടനകള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കിക്കഴിഞ്ഞു.
അതിനിടെ തമ്മിലടി
അതിനിടെ, ബെന്‍ ആന്റ് ജെറീസ് കമ്പനിക്കെതിരെ പരോക്ഷമായ പരാമര്‍ശങ്ങളുമായി യൂനിലിവര്‍ പ്രസ്താവന പുറത്തുവന്നു. ഇസ്രായേലുമായുള്ള വാണിജ്യബന്ധം തുടരണമെന്നാണ് കമ്പനിയുടെ നയമെന്ന് യൂനിലിവര്‍ വ്യക്തമാക്കി. ഇസ്രായേല്‍ ഫലസ്തീന്‍ പ്രശ്‌നം അതിസങ്കീര്‍ണ്ണമാണ്. സാമൂഹ്യ ദൗത്യങ്ങളില്‍ സ്വന്തം നിലപാട് എടുക്കാനുള്ള സ്വാതന്ത്ര്യം ഡയരക്ടര്‍ ബോര്‍ഡിനുണ്ടാവുമെന്ന് ബെന്‍ ആന്റ് ജെറീസ് ഐസ്‌ക്രീം ഏറ്റെടുക്കല്‍ കരാറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രായേലില്‍ തുടരാനുള്ള ബെന്‍ ആന്റ് ജെറീസ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
അതിനിടെ, യൂനിലിവര്‍ പ്രസ്താവനയ്ക്ക് എതിരെ ബെന്‍ ആന്റ് ജെറീസ് ഡയരക്ടര്‍ ബോര്‍ഡ് രംഗത്തുവന്നു. യൂനിലിവര്‍ സി ഇ ഒയുടെ പ്രസ്താവന ബോര്‍ഡ് തീരുമാനത്തിന് എതിരാണെന്ന് ചെയര്‍ പേഴ്‌സണ്‍ അനുരാധ മിത്തല്‍ പറഞ്ഞു. കമ്പനി ഏറ്റെടുക്കല്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് എതിരാണ് ഈ അഭിപ്രായപ്രകടനമെന്നും അവര്‍ വ്യക്തമാക്കി.
പിന്തുണക്കാനും സംഘടനകള്‍
ഫലസ്തീന്‍ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര സംഘടനകള്‍ കമ്പനി നിലപാട് പുറത്തുവന്ന ഉടനെ തന്നെ അതിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നിരുന്നു. വെറുമൊരു ഐസ് ക്രീം കാര്യമല്ല ഇതെന്നും ഇസ്രായേലിന് രാഷ്ട്രീയമായ തിരിച്ചടി നല്‍കുന്നതാണ് ഈ തീരുമാനമെന്നും ഫലസ്തീന്‍ സോളിഡാരിറ്റി കാമ്പെയിന്‍ എന്ന സന്നദ്ധ സംഘടന വ്യക്തമാക്കി. അമേരിക്കയിലാകെ ശക്തമായ സാന്നിധ്യം അറിയിച്ച ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍ കാമ്പെയിനും ബെന്‍ ആന്റ് ജെറീസ് തീരുമാനത്തിന് അനുകൂലമായി രംഗത്തുവന്നു.
നിയമപോരാട്ടത്തിലേക്ക്
അതിനിടെ, അമേരിക്കയില്‍ നിലവിലുള്ള ബഹികരണ വിരുദ്ധ നിയമവുമായി ബന്ധപ്പെട്ടും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇസ്രായേലി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ഇസ്രായേലിനെ ഒറ്റപ്പെടുത്താനുമുള്ള നീക്കങ്ങള്‍ ചെറുക്കുന്നതിന് വിവിധ യു എസ് സംസ്ഥാനങ്ങളില്‍ നിലവിലുള്ള നിയമം വീണ്ടും കൊണ്ടുവരാനാണ് ഇപ്പോള്‍ ഇസ്രായേല്‍ ശ്രമം നടത്തുന്നത്.
ഈ നിയമപ്രകാരം അമേരിക്കയില്‍ ബെന്‍ ആന്റ് ജെറീസ് നിരോധിക്കാനാണ് ശ്രമം നടത്തുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് 35 ഗവര്‍ണര്‍മാര്‍ക്ക് ഇസ്രായേല്‍ കത്തുനല്‍കുകയും ചെയ്തു. എന്നാല്‍, ഈ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് വിവിധ കോടതികള്‍ വിധിച്ചതായി ഫലസ്തീന്‍ അനുകൂല സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്ക അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യ അവകാശത്തെ ലംഘിക്കുന്നതാണ് ഈ നിയമമെന്ന് അഞ്ച് സ്‌റ്റേറ്റുകളിലെ കോടതികള്‍ വിധിയെഴുതിയ സാഹചര്യത്തില്‍ ഇസ്രായേല്‍ നീക്കം എളുപ്പമാവില്ല എന്നും ഈ സംഘടനകള്‍ പറയുന്നു.
ബഹിഷ്‌കരണ കാമ്പെയിനും എതിര്‍ കാമ്പെയിനും
അതിനിടെ, ബെന്‍ ആന്റ് ജെറീസിന് വിപണിയില്‍ തിരിച്ചടി നല്‍കാനുള്ള നീക്കവും തകൃതിയായി നടക്കുന്നുണ്ട്. ഈ കമ്പനിയുടെ ഐസ്‌ക്രീമുകള്‍ ബഹിഷ്‌കരിക്കാനാണ് കാമ്പെയിനുകള്‍ നടക്കുന്നത്. അതിനിടെ, ബഹിഷ്‌കരണ ഭീഷണി പൊളിക്കുന്ന വിധത്തില്‍ ബെന്‍ ആന്റ് ജെറീസ് ഐസ്‌ക്രീമുകള്‍ വാങ്ങാനുള്ള കാമ്പെയിന്‍ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകളും ആരംഭിച്ചിട്ടുണ്ട്.
എന്തായാലും, ഒരു ഐസ്ക്രീമിനെ ചൊല്ലി പശ്ചിമേഷ്യയില്‍ ഐസ്‌ക്രീമിനെ ചൊല്ലിയുള്ള യുദ്ധം മുറുകുക തന്നെയാണ്.