കണ്ണൂര്‍: പിണറായി പാനുണ്ടയില്‍ സി.പി.എം- ആര്.എസ്.എസ്. സംഘര്‍ഷത്തില്‍ പരുക്കേറ്റ സഹോദരനൊപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന യുവാവ് പുലര്‍ച്ചെ മരിച്ചത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പുതിയ വീട്ടില്‍ ജിംനേഷിന്റെ മരണമാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്. മറ്റ് സംശയങ്ങള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ മൊഴി നല്‍കിയതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ഇളങ്കോ പറഞ്ഞു. ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ഒരു പരിക്കും കണ്ടെത്തിയില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം നടന്ന സി.പി.എം- ആര്.എസ്.എസ്. സംഘര്‍ഷത്തില്‍ ജിംനേഷിന്റെ സഹോദരന് ജിഷ്ണുവിന് പരുക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിന് ചികിത്സയ്ക്കായി കൂട്ടിരുന്നത് ജിംനേഷാണ്. അതിനിടയിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ ജിംനേഷ് മരിച്ചത്.
പാനുണ്ടയില്‍ കൊടി തോരണങ്ങള്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ജിംനേഷിനും പരിക്കേറ്റിരുന്നെന്നും സി.പി.എം. പ്രവര്‍ത്തകര്‍ മര്ദ്ദിച്ചിതാണ് മരണകാരണമെന്നും ആര്.എസ്.എസ്. ആരോപിച്ചിരുന്നു. മര്‍ദ്ദനത്തില്‍ ജിംനേഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റിരുന്നു എന്നും സി.പി.എം. പടര്‍ത്തിയ ഭീതിയും മറ്റൊരു മരണകാരണമാണെന്നുമായിരുന്നു ആര്.എസ്.എസ്. ആരോപണം. എന്നാല്‍ സി.പി.എം. ഇക്കാര്യം നേരത്തേത്തന്നെ നിഷേധിച്ചിരുന്നു.
നേരത്തെത്തന്നെ ഹൃദ്രോഗമുണ്ടായിരുന്ന ജിംനേഷ് സംഘര്‍ഷത്തിനുശേഷം യാതൊരു വിധത്തിലുള്ള രോഗപരിശോധനയ്ക്കും വിധേയനായിരുന്നില്ല. എന്നാല്‍ മര്‍ദ്ദനമല്ല മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.