കല്‍പ്പറ്റ: വയനാട്ടില്‍ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസിന്റെ പിടിയിലായി. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ രാത്രികാല വാഹന പരിശോധനയിലാണ് 1.33 ഗ്രാം എം.ഡി.എം.എ.യുമായി മൂന്ന് യുവാക്കള്‍ പിടിയിലായത്. മേപ്പാടി പുത്തുമല മഹറൂഫ് (23), മേപ്പാടി നെല്ലിമുണ്ട നിധീഷ് (23), കല്‍പ്പറ്റ എമിലി അസലാം ഫാരിഷ് (23) എന്നിവരെയാണ് പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു.
കല്‍പ്പറ്റ സബ്ബ് ഇന്‍സ്‌പെക്ടര്‍ വിമല്‍ ചന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ എസ്.ഐ വിഷ്ണു രാജു, എ.എസ്.ഐ സജു, സി.പി.ഒ സഖില്‍ എന്നിവരും ഉണ്ടായിരുന്നു. സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ജില്ലയായതിനാല്‍ തന്നെ നിരവധി പേരാണ് മയക്കുമരുന്ന് കടത്ത് സംഘങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ഏറെയും യുവാക്കളാണ്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ പിടിച്ചെടുത്ത എം.ഡി.എം.എ കേസുകളിലെല്ലാം കൂടുതലും പിടിയിലായത് യുവാക്കളാണ്.
കുറഞ്ഞ അളവില്‍ ലഹരി കടത്തി കൊണ്ടുപോകുന്നതിനാല്‍ തന്നെ നിയമനടപടികളില്‍ നിന്ന് വേഗത്തില്‍ രക്ഷപ്പെടാനാകുമെന്നതും പലരെയും തുടര്‍ന്നും മയക്കുമരുന്ന് സംഘത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിക്കുകയാണ്. പ്രധാന പ്രതികളിലേക്ക് അന്വേഷണം എത്താത്തതും ലഹരിക്കടത്ത് വീണ്ടും സജീവമാകുന്നതിന് കാരണമാകുന്നുവെന്നാണ് പൊലീസ് പറയുന്നത്.