ദില്ലി: തട്ടിപ്പുകൾ തടയുകയെന്ന ലക്ഷ്യത്തോടെ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത് പ്രകാരം എസ് ബി ഐ ഉപഭോക്താക്കൾ എ ടി എമ്മിൽ നിന്ന് പണം പിൻവലിക്കുന്നതിന് വൺ ടൈം പാസ്‌വേർഡ് രേഖപ്പെടുത്തണം. എന്നാൽ ഈ നിബന്ധന 10000 രൂപയിൽ കൂടുതൽ രൂപ പിൻവലിക്കുന്നവർക്കുള്ളതാണ്. എസ് ബി ഐ ബാങ്ക് എ ടി എമ്മുകളിൽ നിന്നുള്ള പണം തട്ടിപ്പുകൾ തടയാനായാണ് സുരക്ഷയുടെ പുതിയൊരു പടവ് നിർമ്മിച്ചിരിക്കുന്നത്.
തട്ടിപ്പുകൾ പരമാവധി തടയാൻ ലക്ഷ്യമിട്ട് നിരന്തരം സമൂഹ മാധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബോധവത്കരിക്കാൻ എസ് ബി ഐ ശ്രമിക്കാറുണ്ട്. ട്വിറ്റർ വഴിയും ഫെയ്സ്ബുക്ക് വഴിയും നിരന്തരം പുതിയ മാറ്റങ്ങളും സൂക്ഷിക്കേണ്ട കാര്യങ്ങളും ബാങ്ക് പ്രത്യേക അറിയിപ്പുകളായി നൽകാറുണ്ട്.
പുതിയ സംവിധാനം വഴി എ ടി എമ്മിൽ നിന്ന് 10000 രൂപയിൽ കൂടുതൽ പണം പിൻവലിക്കുന്നതിന് ഉപഭോക്താക്കൾ ഒ ടി പി നൽകേണ്ടി വരും. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്കാവും ഈ ഒ ടി പി വരിക. ഇത് ഒറ്റത്തവണത്തേക്ക് മാത്രം സാധുവായ പാസ്‌വേർഡായിരിക്കും എന്ന് കൂടിയുണ്ട്. അതിനാൽ വൻതുക പിൻവലിക്കേണ്ടവർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ ഏതെന്ന് ഒന്നുകൂടി പരിശോധിച്ച് ഉറപ്പാക്കുക. ഓർക്കുക, ഇത് ഉപഭോക്താക്കളുടെ പണം നഷ്ടപ്പെടാതിരിക്കാനുള്ള നടപടിയാണ്.