NEWS

പശുവിനെ ഇടിക്കാതിരിക്കാന്‍ ആംബുലൻസ് വെട്ടിച്ചു; നാലു മരണം

ഉഡുപി: ബുധനാഴ്ച കര്‍ണാടകയിലെ ഉഡുപി ജില്ലയില്‍ ആംബുലന്‍സ് ടോള്‍ ബൂതിലേക്ക് ഇടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തിലേക്ക് നയിച്ചത് പശുവിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍ നടത്തിയ ശ്രമമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നു.
രോഗിയുമായി അതിവേഗം വന്ന ആംബുലൻസ് റോഡിന് നടുവില്‍ പശു കിടക്കുന്നതുകണ്ട് പെട്ടെന്ന് വെട്ടിക്കുകയായിരുന്നു.ബൈന്ദൂര്‍-ഷിരൂര്‍ ടോള്‍ ബൂതിലെ ജീവനക്കാരിലൊരാള്‍ പശുവിനെ വഴിയില്‍ നിന്ന് മാറ്റാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, മറ്റൊരു ജീവനക്കാരന്‍, ആംബുലന്‍സിന് സുഗമമായി കടന്നുപോകുന്നതിനായി പാതയുടെ ഒരു വശത്ത് സ്ഥാപിച്ചിരിക്കുന്ന ബാരികേഡ് നീക്കം ചെയ്തിരുന്നു. കുതിച്ചുവന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് തെന്നിമാറി ടോള്‍ ബൂതിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
ഗജാനന നായക് (55) എന്ന രോഗിയുമായി സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അകമ്ബടിയോടെ ഹൊന്നാവറില്‍ നിന്ന് കുന്ദാപൂര്‍ ആശുപത്രിയിലേക്ക് ആംബുലന്‍സ് പോകുമ്ബോള്‍ വൈകിട്ട് 4.07 ഓടെ ഷിരൂര്‍ ടോള്‍ ഗേറ്റിലാണ് സംഭവം നടന്നത്. ഗജാനന നായക്, മാദേവ നായക് (48), ലോകേഷ് നായക് (48), ജ്യോതി നായക് (44) എന്നിവരാണ് അപകടത്തില്‍ മരിച്ചത്. ഗജാനന നായകിന്റെ ഭാര്യ ഗീത (50), സുഹൃത്ത് ഗണേഷ് (50), മരുമകന്‍ ശശാങ്ക് നായിക, ടോള്‍ ബൂതിലെ ജീവനക്കാരന്‍ സംബാജ് ഘോര്‍പഡെ എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

Back to top button
error: