കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും പങ്കുണ്ടെന്നും സംഭവം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്കി ഡിവൈഎഫ്ഐ.
വിമാനത്തിനുള്ളില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം ഗൂഢാലോചനയായിരുന്നുവെന്നും ഇതിന് പിന്നില്‍ കെ, സുധാകരന്, വി.ഡി സതീശന് എന്നിവര്‍ക്ക് പങ്കുണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പ്രതികള്‍ മാത്രമല്ല ഈ കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കെ. സുധാകരനും സതീശനും ഇതില്‍ പങ്കുണ്ട്. ഇരുവരുടേയും അറിവും സമ്മതവും നേടിയാണ് വിമാനത്തിനുള്ളില്‍ പ്രതിഷേധം അരങ്ങേറിയത്, സനോജ് പറഞ്ഞു.
വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരേ അക്രമം നടത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് കെ.എസ്. ശബരീനാഥിനെതിരേ കേസെടുക്കുകയും ഇന്നലെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെ യൂത്ത് കോണ്‍ഗ്രസ് നല്കിയ പരാതിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനും മുഖ്യമന്ത്രിയുടെ പഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കുമെതിരേ കേസെടുക്കാന്‍ ഇന്ന് തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
ഇതിനു പിന്നാലെയാണ് സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും എതിരേ പരാതിയുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയത്.