NEWS

സംഘപരിവാർ ഫാക്ടറികളിൽ നിർമ്മിക്കപ്പെടുന്ന ‘ഗൂഡാലോചനയും’ അറസ്റ്റുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ആദ്യ അറസ്റ്റ് നടന്നത് 2018 ജൂൺ 6 നാണ്. റോണാ വിൽസൺ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെൻ, സുധീർ ധാവലെ, മഹേഷ് റൗത് എന്നിവർ അറസ്റ്റ് ചെയ്യപ്പെട്ടു. പിന്നീട് ഭീമ കോരേഗാവ് കേസ് എന്ന് പൊതുവിൽ അറിയുന്ന ഈ കേസിലും അനുബന്ധ കേസിലുമായി 16 പേർ തടവിലായി. സ്റ്റാൻ സ്വാമി എന്ന വൃദ്ധ പുരോഹിതൻ തടവറയിൽ ചികിത്സ കിട്ടാതെ മരിച്ചു. ആനന്ദ് തെൽതുംബ്‌ദെ അടക്കമുള്ളവർ ഇപ്പോഴും തടവിലാണ്. സുധ ഭരദ്വാജ്, വരവര റാവു എന്നിവർ മാത്രമാണ് ജാമ്യം ലഭിച്ചവർ. അതും നീണ്ട നാൾ തടവിൽ കിടന്നതിനു ശേഷം.
NIA നൽകിയ 17000 പുറങ്ങളുള്ള കുറ്റപത്രത്തിൽ മോദിയെ രാജീവ് ഗാന്ധിയെ കൊന്നപോലെ കൊല്ലണമെന്ന പദ്ധതിയൊക്കെ e-mail വഴി വിശദമായി അയച്ചത് കണ്ടെടുത്തു എന്നപോലുള്ള വ്യാജ തെളിവുകളാണ്. എന്നാൽ അറസ്റ്റിനു മുമ്പുതന്നെ റോണാ വിത്സന്റെ കമ്പ്യൂട്ടറിൽ ചാര software ഉപയോഗിച്ച് നുഴഞ്ഞുകയറിയാണ് വ്യാജ രേഖകൾ തിരുകിക്കയറ്റിയതെന്ന് സ്വതന്ത്ര വിദഗ്ധ ഏജൻസികളുടെ പരിശോധനയിൽ പിന്നീട് തെളിഞ്ഞു.
കഴിഞ്ഞ നാല് വർഷമായി മോദി വധഗൂഢാലോചന കേസെന്ന നാടകം തുടരുന്നു. അന്തിമശിക്ഷയല്ല ഇത്തരം കേസുകളുടെ ലക്ഷ്യം. നേതാവിന്റെ ശത്രു നിർമ്മാണവും ജീവൻ പണയം വെച്ചു പോരാടുന്ന വീരപോരാളിയുടെ പ്രതിച്ഛായയുമാണ് ഇതിന്റെ ഭാഗമായുണ്ടാക്കുന്നത്.
സംഘപരിവാറിനും മോദിയുടെ ഫാഷിസ്റ്റ്-കോർപ്പറേറ്റ് ഭരണത്തിനുമെതിരെ പ്രതിഷേധിച്ച നൂറുകണക്കിന് മനുഷ്യരാണ് ഇന്ന് തടവറകളിൽ ജാമ്യം പോലും ലഭിക്കാതെ നരകിക്കുന്നത്. ഉമർ ഖാലിദ് മുതൽ സിദ്ധിക്ക്‌ കാപ്പൻ വരെ എത്രയോ പേർ.ടീസ്റ്റാ, RB ശ്രീകുമാർ, സജ്ജീവ് ഭട്ട് …..
നിരന്തരമായി വധശ്രമങ്ങൾ നേരിടുന്നു എന്ന് ഭരണാധികാരി പറയുമ്പോഴും (മോദിയെ വധിക്കാൻ വന്നു എന്ന പേരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകങ്ങളിലാണ് ഇഷ്രത്  ജഹാനും ഷേഖ് ഷോറാബുദീനും അടക്കമുള്ള പലരും പലപ്പോഴായി കൊല്ലപ്പെടുന്നത് ) എല്ലാ തവണയും രക്ഷപ്പെടുന്നതിലുമുണ്ട് ഏകാധിപതികൾ ഒരുക്കുന്ന സർഗാത്മകമായ ചാതുര്യം.അത് പിന്നീട് കഥകളായി  നാം കേൾക്കും.പ്രത്യേകിച്ച് ഭരിച്ച് പരാജയപ്പെടുമ്പോൾ.

Back to top button
error: