ഇത് വെറുമൊരു മീശയല്ല. അഭിമാനത്തിന്റെ മീശയാണ്. മുഖത്തെ രോമവളർച്ച കാരണം മാനസിക പ്രയാസമനുഭവിക്കുന്ന യുവതികൾക്കുമുന്നിൽ പുതിയൊരു ചിന്തയ്ക്ക് തിരികൊളുത്തുകയാണ് കൂത്തുപറമ്പ് കോളയാട് ചങ്ങലഗേറ്റിനടുത്ത് ലക്ഷംവീട് കോളനിയിലെ വയലുംകര വീട്ടിൽ ഷൈജ(34).
‘‘മീശ വെക്കുന്നത് സ്വന്തം ഇഷ്ടമാണ്. ഞാൻ എന്റെ മീശയെ സ്നേഹിക്കുന്നു. അത് കളയാൻ ഇഷ്ടപ്പെടുന്നില്ല’’ ഉറച്ചശബ്ദത്തിൽ അവർ പറയുന്നു. മീശപിരിച്ച് മീശയ്ക്കുവേണ്ടി വാദിക്കുന്ന ഷൈജയ്ക്ക് പത്താംക്ലാസാണ് വിദ്യാഭ്യാസം. 10 വർഷം മുമ്പ് പൊടിമീശ വന്നുതുടങ്ങിയപ്പോൾമുതൽ പലരും കളിയാക്കി.
‘‘നാട്ടിൽ മീശക്കാരി ഷൈജയെന്നാണ് അറിയപ്പെടുന്നത്. അതിൽ യാതൊരു വിഷമവുമില്ല’’
മീശപോലെ കട്ടിയുള്ള നിലപാടാണ് ഷൈജയ്ക്ക്. അതോടെ കളിയാക്കൽ കുറഞ്ഞു.
സാമൂഹികമാധ്യമങ്ങളിലും ഷൈജയ്ക്ക് സ്ത്രീകളുടെയടക്കം വലിയ പിന്തുണയുണ്ട്. ഒട്ടേറെ പെൺകുട്ടികൾ ഫോണിൽ വിളിച്ച് രോമവളർച്ചയിൽ അവരുടെ പ്രയാസങ്ങൾ പറയാറുണ്ട്. ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ പേരുപോലും ‘മീശക്കാരി’യെന്നാണ്.
ഭർത്താവ് പാലക്കാട് സ്വദേശി ലക്ഷ്മണനും മകൾ 10-ാം ക്ലാസുകാരി അശ്വികയ്ക്കും ഷൈജ മീശവെക്കുന്നതിൽ എതിർപ്പില്ല. ‘നിന്റെ മീശ… നിന്റെ ഇഷ്ടം… ഞാനെന്തുപറയാൻ’ എന്നാണ് ഇക്കാര്യത്തിൽ ഭർത്താവിന്റെ അഭിപ്രായം. ലക്ഷ്മണൻ വയറിങ് ജോലിചെയ്താണ് കുടുംബം പുലർത്തുന്നത്. ഷൈജ തിരുപ്പൂരിൽ കുറച്ചുകാലം ബനിയൻ കമ്പനിയിൽ ജോലിചെയ്തിരുന്നു.
‘‘മറ്റുള്ളവരുടെ ഇഷ്ടങ്ങൾക്കുവേണ്ടിമാത്രം ജീവിക്കുമ്പോഴാണ് പെണ്ണുങ്ങൾ ദുർബലകളായിപ്പോകുന്നത്. സിനിമയിൽ താത്‌പര്യമുണ്ടോയെന്നന്വേഷിച്ച് രണ്ടുസംവിധായകർ വിളിച്ചിരുന്നു. കാണുന്നവർക്കെല്ലാം അറിയേണ്ടത് മീശ വിശേഷങ്ങളാണ്’’
ഷൈജ ചിരിക്കുന്നു.