NEWS

അടുത്ത പുനഃസംഘടനയിൽ മുരളീധരന് മന്ത്രി പദവി നഷ്ടമായേക്കും ,കുമ്മനമോ സുരേഷ് ഗോപിയോ മന്ത്രിയാകുമെന്നു റിപ്പോർട്ട്

യതന്ത്ര വിവാദത്തിൽ കുരുങ്ങിയ കേന്ദ്രമന്ത്രി വി മുരളീധരന് തൽസ്ഥാനം നഷ്ടമായേക്കും എന്ന് റിപ്പോർട്ട് .കേസിൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നതായാണ് വിവരം .പരാതിയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രാലയത്തോട് വിശദീകരണം ചോദിച്ചു എന്നാണ് വിവരം .വിദേശത്ത് നടന്ന മന്ത്രിതല യോഗത്തിലെ പ്രോട്ടോകോൾ ലംഘനം പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട് .

Signature-ad

വിദേശമന്ത്രാലയത്തിലെ ജോയിൻറ് സെക്രട്ടറിയും നയതന്ത്ര പാസ്പോർട്ട് വിഭാഗം ചുമതലക്കാരനുമായ അരുൺ കെ ചാറ്റർജിയ്ക്കു പകരം ജോയിൻറ് സെക്രട്ടറി ആദർശ് സ്വൈക ആണ് ഇപ്പോൾ പരാതി അന്വേഷിക്കുന്നത് എന്നാണ് വിവരം .

അടുത്ത മന്ത്രിസഭാ പുനഃസംഘടനയിൽ കേരളത്തിൽ നിന്ന് പുതിയ മന്ത്രി പട്ടികയിൽ ഇടം പിടിക്കുമെന്നാണ് റിപ്പോർട്ട് .സ്ഥാനങ്ങൾ ഒന്നുമില്ലാതെ നിൽക്കുന്ന കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ മന്ത്രിയായേക്കും എന്നാണ് ബിജെപിയ്ക്കുള്ളിൽ നടക്കുന്ന അനൗദ്യോഗിക ചർച്ച .

അതേസമയം തനിക്കെതിരെയുണ്ടായ ആരോപണങ്ങളിൽ ശക്തമായ പ്രതിരോധം തീർക്കാൻ ആണ് മുരളീധരന്റെ തീരുമാനം .ബിജെപിക്കുള്ളിൽ തനിക്കെതിരെ അല്ല ,സിപിഐഎമ്മിനെതിരെയാണ് പടപ്പുറപ്പാട് എന്നാണ് മുരളീധരൻ പ്രതികരിച്ചത് .ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മുരളീധരനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു .സ്മിത മേനോനെ മഹിളാ മോർച്ച ഭാരവാഹിത്വത്തിലേയ്ക്ക് ഉയർത്തിയത് താൻ ആണെന്ന് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു .സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയതിനു ശേഷമാണ് സ്മിതയെ മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ആക്കിയത് .

എറണാകുളത്തെ പിആർ കമ്പനി മാനേജർ സ്മിത മേനോൻ  അബുദാബിയിൽ നടന്ന  ഔദ്യോഗിക സമ്മേളനത്തിൽ പങ്കെടുത്തതിന്റെ വിവരങ്ങൾ പുറത്ത് വന്നതോടെ ആണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്. മുരളീധരന്റെ അനുവാദത്തോടെ സ്വന്തം ചെലവിൽ ആണ് സമ്മേളനത്തിൽ പങ്കെടുത്തത് എന്ന് സ്മിത ഫേസ്ബുക്കിൽ സ്ഥിരീകരിച്ചതോടെ ബിജെപിക്കുള്ളിൽ പടപ്പുറപ്പാടായി. മുരളീധര വിരുദ്ധ വിഭാഗത്തിൽ നിന്ന് നിരവധി പരാതികൾ ആണ് ഇപ്പോൾ കേന്ദ്ര നേതൃത്വത്തിന് പോയിട്ടുള്ളത്. പരസ്യമായ പ്രതികരണത്തിന് ഈ വിഭാഗം തയ്യാറല്ലെങ്കിലും പാർട്ടിക്കുള്ളിൽ വൻ നീക്കങ്ങൾ ആണ് മുരളീധരനെതിരെ നടക്കുന്നത്.

2019 നവംബറിൽ അബുദാബിയിൽ ചേർന്ന ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ആണ് സ്മിത മേനോൻ പങ്കെടുത്തത്. ഇവർ ഔദ്യോഗിക സംഘത്തിൽ അംഗമല്ലായിരുന്നു. ഇക്കാര്യത്തിൽ വി മുരളീധരൻ ആദ്യഘട്ടത്തിൽ നടത്തിയ പ്രതികരണങ്ങളിൽ വൈരുധ്യമുണ്ടെന്നാണ് പാർട്ടിയിലെ മുരളീധര വിരുദ്ധർ കേന്ദ്ര നേതൃത്വത്തിനു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത് എന്നാണ് റിപ്പോർട്ട്.

അതിനിടെ കേന്ദ്രമന്ത്രി മുരളീധരന് ഒപ്പമുള്ള തന്റെയും കുടുംബത്തിന്റെയും ചിത്രം മോശം കമന്റുകൾ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു എന്ന് കാട്ടി മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത മേനോൻ നൽകിയ പരാതിയിൽ പോലീസ് കേസ് എടുത്തു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയ്ക്ക് നൽകിയ പരാതിയിൽ ആണ് നടപടി.

 

Back to top button
error: