ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച യൂട്യൂബ് വ്ളോഗര്‍ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. ഭാഗ്യലക്ഷ്മി, ഒപ്പമുണ്ടായിരുന്ന ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് അഡീ. ജില്ലാ സെഷന്‍സ് കോടതി തളളിയത്.
ഇവരുടെ ജാമ്യപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം നല്‍കുന്നത് നിയമം കയ്യിലെടുക്കുന്നതിനു പ്രതികള്‍ക്ക് പ്രചോദനമാകുമെന്നു ചൂണ്ടിക്കാണിച്ചാണ് ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തത്. തമ്പാനൂര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരെ ചുമത്തിയിരുന്നത്.
വീട് കയറി മൊബൈല്‍ ,ലാപ് ടോപ് തുടങ്ങിയവ അപഹരിച്ചു ,ദേഹോപദ്രവം ഏല്‍പ്പിച്ചു ,അസഭ്യം പറഞ്ഞു തുടങ്ങി അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും എതിരെ ചുമത്തിയിട്ടുള്ളത് .
സ്ത്രീകളെ യൂട്യൂബ് വീഡിയോയിലൂടെ നിരന്തരം അപമാനിച്ച വിജയ് പി നായര്‍ക്ക് മേല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും കരിഓയില്‍ പ്രയോഗം നടത്തുക ആയിരുന്നു .ഇയാളെക്കൊണ്ട് മാപ്പും പറയിച്ചു .
ശ്രീലക്ഷ്മി അറക്കല്‍, ദിയ സന എന്നിവരുടെ ഫേസ്ബുക് ലൈവിലൂടെയാണ് നാടകീയ സംഭവം പുറത്ത് വന്നത് .ചെയ്ത പ്രവര്‍ത്തിക്ക് ഭവിഷ്യത്ത് ഉണ്ടാകുമെന്നു അറിയാമെന്നും എന്നാല്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണു തങ്ങള്‍ ഇത് ചെയ്തതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചിരുന്നു .