ലണ്ടന്‍: ജെയിംസ് ബോണ്ട് ചിത്രത്തിലെ വിഖ്യാതമായ തീം മ്യൂസിക്ക് ഒരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞന് മോണ്ടി നോര്‍മന്‍ (94) അന്തരിച്ചു. തിങ്കളാഴ്ച്ചയായിരുന്നു വിയോഗം. അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വിവരം പുറത്ത് വിട്ടത്.
1962-ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഡോ. നോ’യ്ക്കായി സംഗീതം ഒരുക്കിയത് മോണ്ടി നോര്‍മന്‍ ആയിരുന്നു. എന്നാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ തൃപ്തിവരാതെ ഈ സംഗീതം പുനര്‍ക്രമീകരിക്കുവാനായി ജോണ്‍ ബാരിയെ ഏല്‍പ്പിച്ചു. ബോണ്ടിന്റെ തീം മ്യൂസിക്ക് ലോകമെങ്ങും വലിയ തരംഗമായി. പിന്നീട് ഈ സംഗീതം തന്റേതാണെന്ന് ബാരി അവകാശപ്പെട്ടു. തുടര്‍ന്ന് നോര്‍മന്‍ നിയമനടപടി സ്വീകരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. ബോണ്ട് ഫ്രാഞ്ചൈസിയുടെ അവിഭാജ്യ ഘടകമാണ് ഈ തീം മ്യൂസിക്. 1962 മുതല്‍ നോര്‍മന്‍ അതില്‍ റോയല്‍റ്റി ലഭിക്കുകയും ചെയ്തു.
1928ല്‍ കിഴക്കേ ലണ്ടനില്‍ ഒരു ജൂത കുടുംബത്തിലാണ് മോണ്ടി നോര്മാന് ജനിച്ചത്. രണ്ടാംലോക മഹായുദ്ധ കാലത്ത് ലണ്ടനില്‍ നിന്ന് നോര്‍മാനും കുടുംബവും പലായനം ചെയ്തു. പിന്നീട് തിരികെ വരികയും ചെയ്തു. റോയല്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിന് ശേഷമാണ് സംഗീതരംഗത്ത് ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
1950-1960 കാലഘട്ടത്തില്‍ സിറില്‍ സ്റ്റാപ്പള്‍ട്ടണ്‍, സ്റ്റാന്‍ലി ബ്ലാക്ക് തുടങ്ങിയ പ്രശസ്തമായ സംഗീത ബാന്‍ഡുകളില്‍ ഗായകനായി പ്രവര്‍ത്തിച്ചു. ബ്രിട്ടീഷ് കോമഡി ചിത്രമായ ‘മേക്ക് മി ആന്‍ ഓഫറാ’ണ് ആദ്യ ചിത്രം. ‘എക്പ്രസോ ബോങ്കോ’, ‘സോംഗ്ബുക്ക്’, ‘പോപ്പി’ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍.