IndiaNEWS

ക്ഷേത്ര ദർശനം നടത്തുന്നതിൽ ഇതര മതവിശ്വാസികളെ വിലക്കരുത്, യേശുദാസിന്റെ ഭക്തിഗാനങ്ങൾ ക്ഷേത്രങ്ങളിൽ വെക്കുന്നില്ലേ…? മദ്രാസ് ഹൈക്കോടതി

ചെന്നൈ: മറ്റേതെങ്കിലും മതത്തില്‍പ്പെട്ട ഒരാള്‍ ഹിന്ദുമതത്തിലെ ഒരു പ്രത്യേക ദൈവത്തില്‍ വിശ്വസിക്കുകയും അവർ ക്ഷേത്രം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുകയും ചെയ്താല്‍, ആ ദേവന്റെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനോ വിലക്കാനോ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി.

തിരുവട്ടാര്‍ അരുള്‍മിഘു ആദികേശവ പെരുമാള്‍ തിരുക്കോവില്‍ നടക്കുന്ന കുംബാഭിഷേകത്തില്‍ അഹിന്ദുക്കളെ പങ്കെടുപ്പിക്കരുതെന്ന് കോടതിയോട് ആവശ്യപ്പെട്ട് സി.സോമന്‍ എന്ന വ്യക്തി നല്‍കിയ ഒരു പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസ് പി.എന്‍ പ്രകാശ്, ജസ്റ്റിസ് ആര്‍.ഹേമലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. കുംബാഭിഷേകം ഉത്സവത്തിന്റെ ക്ഷണക്കത്തില്‍ ക്രിസ്ത്യാനിയായ ഒരു മന്ത്രിയുടെ പേരും പരാമര്‍ശിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി നല്‍കിയത്.

Signature-ad

ജന്മനാ ക്രിസ്ത്യാനിയായ ഡോ. കെ.ജെ യേശുദാസ് പാടിയ ഭക്തിഗാനങ്ങള്‍ വിവിധ ഹൈന്ദവ ക്ഷേത്രങ്ങളില്‍ ആലപിക്കുന്നുണ്ടെന്ന് ഉദാഹരണങ്ങള്‍ നിരത്തി കോടതി നിരീക്ഷിച്ചു. നാഗൂര്‍ ദര്‍ഗയും വേളാങ്കണ്ണി പള്ളിയും പോലും യാതൊരു എതിര്‍പ്പും കൂടാതെ ധാരാളം ഹിന്ദു വിശ്വാസികള്‍ സ്ഥിരമായി സന്ദര്‍ശിക്കാറുണ്ട്. ഇത്രയും വലിയ മതപരമായ ഉത്സവങ്ങള്‍ നടക്കുമ്പോള്‍ ഓരോ വ്യക്തിയുടെയും മതപരമായ വ്യക്തിത്വം പരിശോധിച്ച്‌ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ അധികാരികള്‍ക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.

‘ഞങ്ങളുടെ അഭിപ്രായത്തില്‍, കുംബാഭിഷേകം പോലുള്ള ഒരു പൊതു ഉത്സവം ഒരു ക്ഷേത്രത്തില്‍ ആഘോഷിക്കുമ്പോള്‍, ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കുന്നതിന് ഓരോ ഭക്തന്റെയും മതപരമായ വ്യക്തിത്വം പരിശോധിക്കുക അധികാരികള്‍ക്ക് അസാധ്യമാണ്. കൂടാതെ, മറ്റൊരു മതത്തില്‍പ്പെട്ട ഒരാള്‍ ഒരു പ്രത്യേക ഹിന്ദു ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, അയാളെ തടയാനോ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാനോ കഴിയില്ല.’ കോടതി നിരീക്ഷിച്ചു.

Back to top button
error: