KeralaNEWS

വട്ടയില അപ്പത്തിൻ്റെ മധുരം കിനിയുന്ന ഓർമകളുണർത്തിയ വഴിയോരത്തെ പലഹാരക്കട

ജയൻ മൺറോ

   കുട്ടിക്കാലത്ത് കല്ലുവാതുക്കലെ അമ്മ വീട്ടിൽ വേനലവധി അടിച്ചുപൊളിക്കാൻ പോയ കാലം. ഗോതമ്പും ശർക്കരയും തേങ്ങയും ജീരകവും ചേർത്ത് അന്ന് അമ്മാമ്മ ഉണ്ടാക്കിത്തരാറുള്ള വട്ടയിലയപ്പത്തിൻ്റെ രുചിയും മണവും ഇപ്പോഴും ഓർമകളിലുണ്ട്. പഴയ ആ മധുര സ്മരണകളെ ഉണർത്തുന്ന സ്വാദും സുഗന്ധവും ഇന്ന് ഓർമ്മയിലേക്ക് ഓടിയെത്തി.
ഗോതമ്പ് മാവും മധുരവും മറ്റ് ചേരുവകളും വട്ടയിലയിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുമ്പോഴുള്ള ആ ഗന്ധം അങ്ങനങ്ങ് എളുപ്പം മറക്കാനാകില്ല. മധുരപ്രിയനായ അച്ഛാച്ചന് വേണ്ടി ശർക്കര നന്നായി ചേർത്ത് തന്നെയുണ്ടാക്കുന്ന ആ വട്ടയിലയപ്പത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന തേങ്ങ ചേർന്ന ആ ശർക്കരച്ചാറിന് വല്ലാത്തൊരു മധുരമായിരുന്നു. (സ്വാതന്ത്ര്യസമര സേനാനിയായിരുന്ന നടയ്ക്കൽ നെന്മേനിയിൽ ദാമോദരനാശാൻ ആയിരുന്നു അച്ഛാച്ചൻ)

Signature-ad

ഈയിടെ തിരുവനന്തപുരത്തേക്ക് വന്നപ്പോൾ കല്ലുവാതുക്കലും പാരിപ്പള്ളിയും പിന്നിട്ട് നാവായിക്കുളം ജംഗ്ഷൻ കഴിഞ്ഞുള്ള ഇറക്കത്തിന് ഇടത് വശത്തായി അച്ഛനും രണ്ട് മക്കളും ചേർന്ന് നടത്തുന്ന ഒരു തട്ട് കടയിൽ കയറി. അവിടെ കണ്ട ആ വട്ടയിലയപ്പം കഴിച്ചപ്പോൾ വീണ്ടും ആ പഴയ ഓർമ്മകൾ ഓടിയെത്തി. ഇവിടെ അപ്പത്തിന് അരിപ്പൊടിയാണ് ഉപയോഗിക്കുന്നത്. പക്ഷേ സ്വാദിഷ്ടമായിരുന്നു. ഇത് മാത്രമല്ല, അവിടുത്തെ പതുപതുത്ത മൊരിഞ്ഞ ഉഴുന്നുവട, മസാലയുടെ ഗന്ധമുള്ള കറുമുറെ ചവച്ച് തിന്നാവുന്ന പരിപ്പ് വട, നല്ല രസിയൻ ഉള്ളിവട… ഒന്നും മോശമല്ല. ആ കൊച്ചു പയ്യൻ അടിക്കുന്ന ചായയും നല്ല ഉന്മേഷം പകരുന്ന ഒന്നാണ്.

ഇത്തരം തട്ട് കടകൾ വിജയിക്കുന്നതിൽ, പലഹാരം ഉണ്ടാക്കുന്നതിന്റെ ചേരുവകളുടെ നിലവാരവും ഉപയോഗിക്കുന്ന എണ്ണയുടെ ക്വാളിറ്റിയും ഒരു മുഖ്യഘടകമാണ്.

കഴിഞ്ഞ ദിവസം വീണ്ടും നാവായിക്കുളത്തെ അച്ഛനും മക്കളും നടത്തുന്ന ആ തട്ട് കടയിൽ കയറി. പലഹാരങ്ങളുടെ രുചിയ്ക്ക് ഒരു മാറ്റവുമില്ല. നൗഷാദും മക്കളായ ഷാനും അൽ അമീനും ചേർന്ന് സജീവമായി നടത്തുന്ന കട. ഏതോ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ്‌ കണ്ട് വട്ടയിലയപ്പം അന്വേഷിച്ച് പലരും എത്തി എന്ന് ഷാൻപറഞ്ഞപ്പോൾ എന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്‌ ഞാൻ കാണിച്ചപ്പോൾ ആ പയ്യന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.
പ്ലസ് 2 വിന് 85 ശതമാനം മാർക്ക് നേടിയ ഷാൻ പോളിടെക്നിക്ക് വിദ്യാർത്ഥിയാണ്. ആ പയ്യൻ അടിക്കുന്ന ചായയ്ക്കും നല്ല സ്വാദാണ്. സ്കൂൾ വിദ്യാർത്ഥിയാണഅൽ അമീൻ
ഏത്തക്കാപ്പം, ഉഴുന്നു വട, പരിപ്പ് വട എല്ലാം സൂപ്പർ. വൈകിട്ട് 7 മണിയോടെ പൊറോട്ട, ദോശ, ബീഫ്, ചിക്കൻ തുടങ്ങി പല വിഭവങ്ങളും ഉണ്ട്   അവിടെ.

Back to top button
error: