CrimeNEWS

കോട്ടയം ജില്ലാ ജയിലില്‍നിന്ന് ചാടിയ പ്രതി പിടിയില്‍; മികവ് തെളിയിച്ച് പോലീസ് ബുദ്ധി, പ്രതിയെ കുടുക്കിയത് ജയില്‍ ചാടി പതിനെട്ടാം മണിക്കൂറില്‍

കോട്ടയം: വിചാരണ തടവിൽ കഴിയുന്നതിനിടെ ജില്ലാ ജയിലിൽ നിന്നും ചാടിരക്ഷപെട്ട പ്രതി പിടിയിൽ. കോട്ടയം നഗരമധ്യത്തിൽ മുട്ടമ്പലം സ്വദേശിയായ ഷാനിനെ കൊലപ്പെടുത്തി ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ ക്കൊണ്ടു വച്ച കേസിലെ പ്രതി കെ.ഡി ജോമോന്റെ കൂട്ടുപ്രതിയാണ് രാവിലെ കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടി രക്ഷപെട്ടത്. ഇയാളെയാണ് മണിക്കൂറുകൾക്കകം പൊലീസ് പിടികൂടിയത്. കോട്ടയം മീനടം മൂളയിൽ ജെ.ബിനുമോനെയാണ് കോട്ടയം ഈസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ യു.ശ്രീജിത്തിന്റെയും, പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്കുമാറിന്റെയും നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ശനിയാഴ്്ച പുലർച്ചെ അഞ്ചരയോടെയാണ് പ്രതി കോട്ടയം ജില്ലാ ജയിലിൽ നിന്നും ചാടി രക്ഷപെട്ടത്. പ്രതി ചാടി രക്ഷപെട്ടപ്പോൾ മുതൽ തന്നെ പൊലീസ് സംഘം തിരച്ചിലും ആരംഭിച്ചിരുന്നു. ഉച്ചയോടെ തന്നെ ഇയാൾ മീനടത്തെ വീടിനു സമീപത്ത് ഒളിവിൽ കവിയുന്നതായി പൊലീസ് സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് പൊലീസ് സംഘം ഇവിടെ നിരീക്ഷണം നടത്തുകയായിരുന്നു.

നാട്ടുകാരും പൊലീസിനൊപ്പം ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ഇതോടെയാണ് വൈകിട്ട് എട്ടരയോടെ പ്രതിയുടെ വീടിനു സമീപത്തു തന്നെയുള്ള മീനടം മുണ്ടിനായിക്കൽ ഭാഗത്തു നിന്നും ഇയാളെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് സംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം ജില്ലാ ജയിലിൽ ഹാജരാക്കും.

Back to top button
error: