റാന്നി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു മുടങ്ങിയ നെല്ലിക്കമൺ വഴിയുള്ള കെ.എസ്.ആര്‍.ടിസി, സ്വകാര്യ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്ന് ആവശ്യം ശക്‌തമായി.
രണ്ട് വര്‍ഷം മുന്‍പ് വരെ തിരുവല്ല ഡിപ്പോയില്‍നിന്നും സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസിയുടേത് ഉൾപ്പടെ 10 സർവീസുകളാണ് ഇനിയും ഓടിത്തുടങ്ങാത്തത്.സ്കൂൾ തുറക്കുകകൂടി ചെയ്തതോടെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് യാത്രാക്ലേശത്താൽ വലയുന്നത്.
രാവിലെ സർവീസ് നടത്തേണ്ട നാലു ബസുകളാണ് ഓടാത്തത്.നിലവിൽ 8:30-നാണ് നെല്ലിക്കമണ്ണിൽ നിന്നും റാന്നിക്കുള്ള ആദ്യത്തെ ബസ്.വൈകുന്നേരത്തെ സ്ഥിതിയും വ്യത്യസ്തമല്ല.വൈകിട്ട് നാലര കഴിഞ്ഞാൽ റാന്നിയിൽ നിന്ന് നെല്ലിക്കമൺ ഭാഗത്തേക്ക് ബസില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്.തിരുവല്ല, ചങ്ങനാശേരി, കോട്ടയം റൂട്ടുകളിലായി ആറ് ബസുകളാണ് ഈ സമയത്ത് റാന്നിയിൽ നിന്നും സർവീസ് നടത്തേണ്ടിയിരുന്നത്.റാന്നിയിലെ ത്തി വൈകിട്ടത്തെ ട്രിപ്പ് മുടക്കി പിറ്റേന്ന് രാവിലെ മുതൽ സർവീസ് ആരംഭിക്കുന്ന ബസുകളും കുറവല്ല.
ലാഭമുള്ള ട്രിപ്പുകള്‍ മാത്രമാണ് ചില ബസുകള്‍ ഓടുന്നത്.ഇവയില്‍ പലതും പാതിവഴിയില്‍ സര്‍വീസ് അവസാനിപ്പിക്കുന്നതും യാത്രക്കാര്‍ക്ക് ദുരിതമാകുകയാണ്.ഞായറാഴ്ച ദിവസങ്ങളിൽ ഓടുകയുമില്ല.യാത്രാക്ലേശം രൂക്ഷമായ ഈ റൂട്ടില്‍ ബസ് സര്‍വീസുകളുടെ അഭാവം യാത്രക്കാരെ വലയ്‌ക്കുകയാണ്.അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേപോലെ പെരുമ്പുഴ ബസ് സ്റ്റാൻഡിൽ പോകുന്ന ബസുകളും കുറവാണ്.ഇതു മൂലം എ.എസ് ഹയർ സെക്കൻഡറി സ്കൂളിലേക്കുൾപ്പടെയുള്ള വിദ്യാർഥികളും താലൂക്കാശുപത്രിയിലേക്കുള്ള രോഗികളും ഉൾപ്പടെ ഏറെ യാത്രക്കാർ ബുദ്ധിമുട്ടുന്നു.
റാന്നിയിൽ നിന്നും കോട്ടയത്തേക്കുള്ള ഏറ്റവും എളുപ്പമാർഗ്ഗമാണ് നെല്ലിക്കമൺ,ചുങ്കപ്പാറ,കുളത്തൂ ർമൂഴി, കറുകച്ചാൽ, പുതുപ്പള്ളി വഴിയുള്ള റൂട്ട്.ഈ റൂട്ടിൽ റാന്നി ഡിപ്പോയിൽ നിന്നും കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കാവുന്നതേയുള്ളൂ.നിലവിൽ ഒരു കെഎസ്ആർടിസി ബസുപോലും ഈ റൂട്ടിൽ ഇല്ല.ജില്ലയിലെ ഏക റയിൽവെ സ്റ്റേഷനായ തിരുവല്ലയെ ബന്ധിപ്പിച്ചുകൊണ്ടും ഈ റൂട്ടിൽ കെഎസ്ആർടിസിക്ക് സർവീസ് ആരംഭിക്കാവുന്നതേയുള്ളൂ.