IndiaNEWS

വിശ്വാസികളായ ഇതരമതസ്ഥരെ ക്ഷേത്രദര്‍ശനത്തില്‍ വിലക്കരുത്: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഇതരമതസ്ഥരുടെ ക്ഷേത്ര പ്രവേശനത്തില്‍ സുപ്രധാന നിരീക്ഷണവുമായി മദ്രാസ് ഹൈക്കോടതി. ആരാധനയില്‍ വിശ്വാസമുള്ള ഇതരമത വിശ്വാസികളെ ക്ഷേത്ര ദര്‍ശനം നടത്തുന്നതില്‍ നിന്ന് വിലക്കരുതെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു.

ഇതരമതവിശ്വാസികളെ ക്ഷേത്ര ദര്‍ശനത്തില്‍ നിന്ന് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. കന്യാകുമാരി തിരുവട്ടാര്‍ ആദികേശവ പെരുമാള്‍ ക്ഷേത്രത്തിലെ കുഭാംഭിഷേകവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന കുഭാംഭിഷേക ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഇതര മതവിശ്വാസികളെ വിലക്കണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. ജസ്റ്റിസ് പി.എന്‍.പ്രകാശ്, ജസ്റ്റിസ് ഹേമലത എന്നിവരുള്‍പ്പെടുന്ന ബെഞ്ച് ഈ ഹര്‍ജി തള്ളി. യേശുദാസിന്റെ ഭക്തിഗാനങ്ങള്‍ ക്ഷേത്രങ്ങളില്‍ വയ്ക്കുന്നില്ലേ എന്ന് കോടതി ചോദിച്ചു. വേളാങ്കണ്ണിയിലും നാഗൂര്‍ ദര്‍ഗയിലും ഇതര മതസ്ഥര്‍ക്ക് പ്രവേശനം അനുവദിക്കുന്നതും കോടതി ചൂണ്ടിക്കാട്ടി.

കന്യാകുമാരിക്കടുത്തുള്ള ആദി കേശവ പെരുമാള്‍ ക്ഷേത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. 418 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ മാസം 6ന് ഇവിടെ മഹാ കുംഭാഭിഷേകം നടന്നത്. തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവിലിലേക്കുള്ള റൂട്ടില്‍, ദേശീയപാതയില്‍ മാര്‍ത്താണ്ഡത്ത് നിന്ന് കുലശേഖരം പോകുന്ന വഴിയിലാണ് ആദി കേശവ പെരുമാള്‍ ക്ഷേത്രം.

 

Back to top button
error: