KeralaNEWS

വയനാട്ടിൽ വാഹനാപകടം, ഒരേ കോളജിലെ മൂന്ന് വിദ്യാർഥികൾ മരിച്ചു, കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ടാപ്പിംഗ് തൊഴിലാളിയും ഗുരുവായൂരിൽ ബൈക്കുയാത്രികനും മരിച്ചു

കല്പറ്റ: ഇന്ന് പല സ്ഥലങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി 5 പേർ മരിച്ചു. വയനാട് വാര്യാടിൽ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ ഒരേ കോളജിൽ പഠിക്കുന്ന മൂന്നുപേർ.

കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ഥികളാണ് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.

വയനാട്ടിലെ വിവിധയിടങ്ങളിൽ വിനോദ യാത്രയ്ക്കായി പുൽപ്പള്ളിയിൽ സുഹൃത്തായ അനന്തുവിന്റെ വീട്ടിലെത്തിയതാണ് അഞ്ചംഗ സംഗം. ഇന്ന് രാവിലെ കൽപ്പറ്റയിലേക്ക് പോവും വഴിയായിരുന്നു അപകടം.

പുല്‍പ്പള്ളി കബനിഗിരി ഷെഡ് കാട്ടുവെട്ടിയില്‍ വിനോദ് – പ്രവിത ദമ്പതികളുടെ മകൻ അനന്തു (20), പാലക്കാട് സ്വദേശി യദു, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ചത്.

ഇവരുടെ സുഹൃത്തുക്കളായ ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റിയാട്ട് പൊയില്‍താഴം സ്വദേശി യാദവ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ട് കാറ്റാംകവലയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ചു. ഈട്ടിത്തട്ട് സ്വദേശി കപ്പലുമാക്കൽ ജോഷി (45) ആണ് മരിച്ചത്. ഇന്ന് (ശനി) രാവിലെ എട്ട് മണിയോടെ കാറ്റാംകവല കയറ്റത്തിൽ ആളെ കയറ്റാൻ നിർത്തിയപ്പോൾ
നിയന്ത്രണം നഷ്ടപ്പെട്ട ബസ് പുറകിലുണ്ടായിരുന്ന ബൈക്ക് യാത്രികന് മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. ബൈക്ക് യാത്രികൻ തൽക്ഷണം മരിച്ചു. പെരിങ്ങോം അഗ്നി രക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം നടത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.

ഗുരുവായൂർ കണ്ടാണശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കോട്ടയം കോത്തല പുതുപ്പറമ്പില്‍ വീട്ടില്‍ ഷിബു തോമസാണ് (52) മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി പതിനൊന്നര മണിയോടെയാണ് അപകടം നടന്നത്. പാവറട്ടിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങി വരുന്നതിനിടെ ദിവസവും കണ്ടാണശ്ശേരിയില്‍ നിന്നും പച്ചക്കറി വാങ്ങിയാണ് ഷിബു വീട്ടിലേക്ക് പോകുന്നത്. പതിവുപോലെ വെള്ളിയാഴ്ച്ച രാത്രിയും സാധനങ്ങള്‍ വാങ്ങി ബൈക്കില്‍, പുതുശ്ശേരിയിലെ വാടക വീട്ടിലേക്ക് മടങ്ങുന്നതിനിടെ, ചൂണ്ടല്‍ ഭാഗത്ത് നിന്ന് വന്ന കാര്‍ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മീറ്ററുകള്‍ക്കകലേക്ക് തെറിച്ചു വീണ ഷിബുവിനെ ഗുരുവായൂര്‍ ആക്ട്‌സ് പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Back to top button
error: