ജപ്പാന് മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ വെടിയേറ്റുമരിച്ചു
ടോക്യോ: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ ജപ്പാന് മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(67)മരിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. ഏറ്റവും കൂടുതല്‍കാലം ജപ്പാന് പ്രധാനമന്ത്രിപദം വഹിച്ചിരുന്നയാളാണ് ആബെ. 2006-ല്‍ ഒരു കൊല്ലത്തേക്കും പിന്നീട് 2012 മുതല്‍ 2020 വരെയും അദ്ദേഹം ജപ്പാന് പ്രധാനമന്ത്രിപദത്തില്‍ തുടര്‍ന്നു. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹം 2020-ല്‍ സ്ഥാനം ഒഴിഞ്ഞത്.
പടിഞ്ഞാറന്‍ ജപ്പാനിലെ നരാ പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ഇന്നുരാവിലെ ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റത്. പ്രാദേശികസമയം രാവിലെ 11.30-നായിരുന്നു സംഭവം. പ്രസംഗം തുടങ്ങി മിനുട്ടുകള്‍ക്കകമായിരുന്നു ആക്രമണം. പ്രസംഗത്തനിടെ ആബെയുടെ പിന്നിലൂടെ എത്തിയ 41 വയസ്സ് തോന്നിക്കുന്നയാളാണ് വെടിയുതിര്‍ത്തത്.
അക്രമി യമാഗമി തെത് സൂയ എന്ന മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്. വെടിവെയ്ക്കാന്‍ ഉപയോഗിച്ച തോക്കും ഇയാളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് സ്ഥലത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തത്. ആബെയുടെ പിന്നിലൂടെ എത്തിയ ആളാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷിയായ യുവതിയും പ്രതികരിച്ചു.
Video shows the moment former Japanese PM Shinzo Abe was shot from behind as he campaigned in the city of Nara. Abe was rushed to the hospital in critical condition.
Read more: https://t.co/gWJh3VaXRc pic.twitter.com/1DC7onCKAy
— Al Jazeera English (@AJEnglish) July 8, 2022
രണ്ടാമത്തെ വെടിയേറ്റതിന് പിന്നാലെ ആബെ നിലത്തുവീഴുകയായിരുന്നു. രക്തംവാര്‍ന്നൊലിക്കുന്ന നിലയിലാണ് അദ്ദേഹത്തെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടാകുകയും മരുന്നുകളോട് പ്രതികരിക്കാതാകുകയും ചെയ്തിരുന്നു.
അതിനീചമായ ആക്രമണമാണുണ്ടായതെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത ജപ്പാന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. ഇന്ത്യയുമായും പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്ന നേതാവായിരുന്നു ആബെ. അദ്ദേഹത്തിന് വെടിയേറ്റതറിഞ്ഞ് ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചിരുന്നു.