മസ്കറ്റ്: കനത്ത മഴ പെയ്ത ഒമാനില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ വാദിയില്‍പ്പെട്ട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. അല്‍ റുസ്താഖ് വിലായത്തിലെ കവിഞ്ഞൊഴുകിയ വാദിയില്പ്പെട്ടാണ് കുട്ടികള്‍ മരിച്ചത്.
ഒമ്പതും പത്തും വയസ്സുള്ള രണ്ട് കുട്ടികള്‍ റുസ്താഖിലെ വാദി അല്‍ സഹ്താനില്‍ വാദിയില്‍ അപകടത്തില്‍പ്പെട്ടതായും ഇവരെ സ്വദേശികള്‍ പുറത്തെടുത്തെങ്കിലും ജീവന് രക്ഷിക്കാനായില്ലെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മറ്റൊരു അപകടത്തില്‍ റുസ്താഖിലെ വാദി ബനി ഔഫില്‍ ആറു വയസ്സുള്ള കുട്ടിയും മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരു പ്രവാസിയും മരിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ്. വിവിധയിടങ്ങളില്‍ കുടുങ്ങിപ്പോയ നിരവധിപ്പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി മാറ്റിയിരുന്നു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്.
മസ്കത്ത് ഉള്‍പ്പെടെ ഒമാനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും കനത്ത മഴയാണ് ലഭിച്ചത്. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ജബല്‍ ശംസിലുള്ള ഒരു ഗ്രാമത്തില്‍ വീടിന് ചുറ്റും വെള്ളം കയറിയതിനെ തുടര്‍ന്ന് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര് കുടുങ്ങി. സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറ്റിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.