കൊച്ചി: വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിതെന്നും ഒരുമിച്ച് ജീവിച്ച ശേഷം സ്‌നേഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന പീഡന ആരോപണത്തെ ബലാല്‍സംഗമായി കാണാനാവില്ലന്ന് ഹൈക്കോടതി.
ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് തന്നെ വ്യത്യസ്തമാണെന്നും കോടതി വിലയിരുത്തി. സ്‌നേഹ ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിരീക്ഷിച്ചു. ബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്കും കേസിലേക്കും വഴിമാറുന്നതെന്നും കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ അത് വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടത്. ബലാല്‍സംഗമായല്ലെന്നും കോടതി നിരീക്ഷിക്കുകയായിരുന്നു.
അഭിഭാഷകയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ നവനീത് എന്‍. നാഥിന്റെ ജാമ്യ ഹരജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ പരാമര്‍ശം. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന അഭിഭാഷകയുടെ പരാതിയില്‍ നവനീതിനെ കഴിഞ്ഞമാസം 21നാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പ്രതിയില്‍ നിന്ന് ഗര്‍ഭിണിയായ സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്തി തുടങ്ങിയ കുറ്റങ്ങളാണ് നവനീതിനെതിരെ ചുമത്തിയത്.
ആദായനികുതിവകുപ്പ് സ്റ്റാന്‍ഡിങ് കൗണ്‍സിലായ അഡ്വ. നവനീത് എന്‍ നാഥിന്റെ ജാമ്യഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് നവനീത് ഹൈക്കോതി സിംഗിള്‍ ബെഞ്ചിനെ സമീപിച്ചത്.
ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും. ബിജെപിയുടെ അഭിഭാഷകസംഘടനയായ അഭിഭാഷക പരിഷത്ത് ജില്ലാ സമിതി അംഗമാണ് നവനീത്