ടോക്കിയോ: പൊതുപരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്ക്ക് വെടിയേറ്റു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആബേയുടെ നില അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അറിയിച്ചു. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.b2020 ഓഗസ്റ്റില്‍ അനാരാഗ്യത്തെ തുടര്‍ന്നാണ് അദ്ദേഹം പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞത്.
നാരാ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. ആക്രമി രണ്ട് തവണയാണ് വെടിയുതിര്‍ത്തത്. രണ്ടാമത്തേതാണ് ആബേയുടെ ശരീരത്തിലേറ്റത്. പിന്നില്‍ നിന്നാണ് വെടിവെച്ചതെന്നും രണ്ട് പ്രാവശ്യം വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടതായും ജപ്പാനില്‍ നിന്നുള്ള പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിയുതിര്‍ത്തത് യമാഗമി തെത് സൂയ എന്ന മുന്‍ നാവിക സേന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ പൊലീസിന്റെ കസ്റ്റഡിയിലാണ്.
അതിനീചമായ ആക്രമണമാണുണ്ടായതെന്നും ആബേയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു. എല്ലാം അതിജീവിച്ച് അദ്ദേഹം തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജപ്പാന്‍ പ്രധാനമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ഫ്യൂമിയോ അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ഷിന്‍സോ ആബെയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസഡറുമായി സംസാരിച്ചു.