NEWS

തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ കവർന്ന പ്രതി പിടിയിൽ

കോട്ടയം: തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി മൂന്ന് മാസങ്ങള്‍ക്ക് ശേഷം പിടിയില്‍.
ഈറോഡ് ആര്‍. പി. എഫ്. ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഈറോഡ് റെയില്‍വേ കോളനി കുമരന്‍ നഗറില്‍ ഫൈസല്‍ (29) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്.
കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് എ.സി. കോച്ചില്‍ യാത്രചെയ്ത പങ്കജം ഡി.നായരുടെ ബാഗാണ് മോഷണം പോയത്. ഇവര്‍ക്കൊപ്പം മകനും തീവണ്ടിയിലുണ്ടായിരുന്നു.

എട്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, എട്ട് പവന്റെ സ്വര്‍ണ്ണമാല, വാച്ച്‌, 35,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍ എന്നിവയാണ് കാണാതായത്. തീവണ്ടി ബെംഗളൂരു എത്തിയ ശേഷമാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് ബെംഗളൂരു റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പരിശോധിച്ച പൊലീസ് ഈറോഡ് സ്റ്റേഷന്‍ പരിധിയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈറോഡ് പൊലീസിന് കേസ് കൈമാറുകയായിരുന്നു.

Back to top button
error: