കണ്ണിന് ചുറ്റുമായി കറുത്ത നിറം പടരുകയും കണ്ണ് കുഴിയുന്നതുമാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’. പ്രായം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ ജീവിതരീതികളാണ് ഏറ്റവുമധികമായി ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നമ്മെ നയിക്കുന്നത്. ഇതിന് പരിഹാരം കാണുക അത്ര എളുപ്പമല്ലെന്നാണ് അനുഭവസ്ഥര്‍ പറയാറ്.
‘ഡാര്‍ക് സര്‍ക്കിള്‍സ്’ മിക്കവരിലും കാര്യമായ ആത്മവിശ്വാസക്കുറവിന് കാരണമാകാറുണ്ട്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ വലിയ പരിധി വരെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ മാറ്റാൻ സാധിക്കും. അത്തരത്തിലുള്ള ചില ‘ടിപ്സ്’ ആണിനി പങ്കുവയ്ക്കുന്നത്.
1) ആദ്യമായി ഉറക്കം ശരിയായ രീതിയില്‍ ക്രമീകരിക്കണം. പ്രധാനമായും ഉറക്കപ്രശ്നങ്ങളാണ് ‘ഡാര്‍ക് സര്‍ക്കിള്‍സ്’ന് കാരണമാകുന്നത്. കഴിയുന്നതും എട്ട് മണിക്കൂര്‍ ഉറക്കം ഉറപ്പുവരുത്തുക. ഇത് പലപ്പോഴായി അല്ല, ഒരുമിച്ച് തന്നെ കിട്ടുകയും വേണം.
2) ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാകുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സി’ലേക്ക് നയിക്കാം. അതിനാല്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
3) ഉപ്പിന്റെ ഉപയോഗം കൂടിയാലും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ വരാം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം പരിമിതപ്പെടുത്തി നോക്കുക. ഉപ്പ് അധികമാകുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
4) മദ്യപാനം പതിവാക്കുന്നതും ‘ഡാര്‍ക്ക് സര്‍ക്കിള്‍സി’ലേക്ക് നയിക്കും. അതിനാല്‍ മദ്യപാനം പരിമിതപ്പെടുത്തുകയോ ഉപേക്ഷിക്കുകയോ ചെയ്യുക. മദ്യപിക്കുന്നത് ചര്‍മ്മത്തെ വളരെ പ്രതികൂലമായി ബാധിക്കാറുണ്ട്. പെട്ടെന്ന് പ്രായമായത് പോലെ തോന്നിക്കാനും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീണ് ചര്‍മ്മം തൂങ്ങാനുമെല്ലാം മദ്യം കാരണമാകാറുണ്ട്.
5) മദ്യപാനം പോലെ തന്നെ പുകവലിയും ‘ഡാര്‍ക് സര്‍ക്കിള്‍സി’ന് കാരണമായി വരാറുണ്ട്. ഇക്കാര്യവും പ്രത്യേകം ശ്രദ്ധിക്കുക.
6) കായികാധ്വാനം തീരെയില്ലെങ്കില്‍ അത് ചര്‍മ്മത്തെ ദോഷകരമായി ബാധിക്കാറുണ്ട്. അതിനാല്‍ വ്യായാമം പതിവാക്കുക. ഇത് ചര്‍മ്മത്തെ എത്രമാത്രം പരിപോഷിപ്പിക്കുമെന്ന് കണ്ടുതന്നെ അറിയാവുന്നതാണ്.
7) പതിവായി വെയിലില്‍ ഏറെ നേരം ചെലവിടുന്നതും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ ഉണ്ടാകാൻ കാരണമാകാം. അതിനാല്‍ പതിവായി ഏറെ നേരം വെയിലില്‍ നില്‍ക്കാതിരിക്കുക.
8) ചര്‍മ്മം പതിവായി ‘മോയിസ്ചറൈസ്’ ചെയ്യുന്നതിലൂടെ ‘ഡാര്‍ക് സര്‍ക്കിള്‍സ്’ ഒഴിവാക്കാൻ സാധിക്കും. ദിവസത്തില്‍ രണ്ട് തവണയെങ്കിലും മുഖം കഴുകി വൃത്തിയാക്കിയതിന് ശേഷം മോയിസ്ചറൈസര്‍ ഉപയോഗിക്കുക.
9) ഡയറ്റിലെ പ്രശ്നങ്ങളും ചര്‍മ്മത്തില്‍ പ്രതിഫലിക്കാം. ഇങ്ങനെയും ‘ഡാര്‍ക് സര്‍ക്കിള്‍സ്’ രൂപപ്പെടാം. ആന്റി ഓക്സിഡന്റുകള്‍ കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. അതുപോലെ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതും നല്ലതാണ്.