തിരുവനന്തപുരം: സംസ്ഥാനം കലാപഭൂമിയാക്കാനും, ക്രമസമാധാന നില തകര്‍ന്നുവെന്ന മുറവിളി സൃഷ്ടിക്കാനും ബോധപൂര്‍വ്വം നടത്തിയ ശ്രമമാണ് എകെജി സെന്‍ററിനെതിരെ നടന്ന ആക്രമണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് സംഭവത്തെ അപലപിച്ച് ഇറക്കിയ പ്രസ്താവനയിലാണ് പാര്‍ട്ടി സെക്രട്ടറി ഇത് പറയുന്നത്.
എകെജി സെന്‍ററിന് നേരെ ആക്രമം സൃഷ്ടിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രങ്ങളില്‍ യാതൊരു കാരണവശാലും പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ കുടുങ്ങരുതെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നു. എകെജി സെന്‍ററിന് നേരെ നടന്ന ബോംബാക്രമണത്തില്‍ സമാധാനപരമായ പ്രതിഷേധം ബഹുജനങ്ങളെ അണിനിരത്തി സംഘടിപ്പിക്കണമെന്നും സിപിഎം പറയുന്നു. എകെജി സെന്‍ററിലെ ഹാളിലേക്കുള്ള ഗേറ്റിലാണ് ബോംബ് എറിഞ്ഞത്. രാത്രി 11.30 ഓടെയാണ് സംഭവം. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കന്‍റോണ്‍മെന്‍റ് പൊലീസ് സംഭവ സ്ഥലത്ത് പരിശോധന നടത്തുകയാണ്.
എകെജി സെന്‍ററിന്‍റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്കൂട്ടറില്‍ വന്ന ഒരാള്‍ ബോംബ് എറിയുന്ന ദൃശ്യമാണ് കാണുന്നത്. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്നാണ് സിപിഐഎം ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈ പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് ഓഫീസ് സെക്രട്ടറി പറയുന്നത്.
എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ അടക്കം മുതിര്‍ന്ന നേതാക്കള്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരും സ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി ആന്‍റണി രാജു, പികെ ശ്രീമതി എഎ റഹീം എംപി അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ എന്നാണ് മന്ത്രി ആന്‍റണി രാജു പ്രതികരിച്ചത്.