കൊച്ചി: സെഷന്‍സ് കോടതി വിധിക്കെതിരേ അപ്പീലുമായി കൊല്ലത്തെ വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ ഹൈക്കോടതിയില്‍. വേണ്ടത്ര തെളിവുകള്‍ ഇല്ലാതെയാണ് തന്നെ ശിക്ഷിച്ചതെന്നാണ് കിരണിന്റെ വാദം. വിസ്മയയുടെ മരണത്തില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തി കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച കിരണ്‍കുമാര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി.
സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനികൂടിയായ വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ കഴിഞ്ഞ ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്.
ഭര്‍ത്താവിന്റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് തുടക്കം മുതല്‍ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. 100 പവന്‍ സ്വര്‍ണവും ഒന്നേ കാല്‍ ഏക്കര്‍ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകള്‍ക്കൊപ്പം സ്ത്രീധനമായി നല്‍കിയാണ് വിസ്മയയെ കിരണ്‍ കുമാറിന് വിവാഹം ചെയ്ത് നല്‍കിയത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെയാണ് കിരണിന്റെ യഥാര്‍ത്ഥ മുഖം പുറത്തുവന്നതെന്ന് കുടുംബം പറയുന്നു. സ്ത്രീധനമായി നല്‍കിയ കാറിന്റെ പേരിലാണ് പീഡനം തുടങ്ങിയതെന്നും കുടുബാംഗങ്ങള്‍ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ടാത്ത കാറാണ് വിസ്മമയയുടെ വീട്ടുകാര്‍ നല്‍കിയതെന്ന് കുറ്റപ്പെടുത്തിയുളള ഫോണ്‍ സംഭാഷണം അടക്കം പുറത്ത് വന്നിരുന്നു.
ഹോണ്ട സിറ്റി കാറാണ് തനിക്ക് വേണ്ടിയിരുന്നതെന്ന് കിരണ്‍ കുമാര്‍ തന്നെ പറയുന്നുണ്ട്. വാങ്ങി നല്‍കിയ കാറിന് പത്ത് ലക്ഷം രൂപ മൂല്യമില്ലെന്ന് പറഞ്ഞായിരുന്നു കിരണിന്റെ പീഡനം. ഇക്കാര്യം പറഞ്ഞ് കിരണ്‍ വിസ്മയയെയും സഹോദരന്‍ വിജിത്തിനെയും മര്‍ദിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ ഘട്ടം മുതല്‍ തുടങ്ങിയ മര്‍ദനത്തെ കുറിച്ചുളള വിവരം ആദ്യമാദ്യം വിസ്മയ വീട്ടുകാരില്‍ നിന്ന് മറച്ചുവച്ചിരുന്നു. പിന്നീട് ഗതികെട്ടാണ് വീട്ടില്‍ കാര്യങ്ങള്‍ അറിയിച്ചത്.
കിരണിന്റെ വീട്ടില്‍ നിര്‍ത്തിയാല്‍ തന്നെ ഇനി കാണില്ലെന്ന് പൊട്ടി കരഞ്ഞ് പറയുന്ന ശബ്ദരേഖയും പുറത്തുവന്നു. പീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് പോയ വിസ്മയയെ കോളേജില്‍ നിന്നുമാണ് വീണ്ടും കിരണ്‍ കൂട്ടിക്കൊണ്ട് പോയത്. പിന്നീടായിരുന്നു ആത്മഹത്യ. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.